മുംബൈ: ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും അധികം പഴികേട്ടത് ഒരു പക്ഷേ അമ്പയർമാരായിരിക്കും. സീസണിൽ ഫീല്‍ഡ് അമ്പയറിങ് പിഴവുകൾ തുടർക്കഥയാകുമ്പോഴും താരങ്ങൾക്ക് ഏക ആശ്വാസം തേർഡ് അമ്പയർമാർ ആയിരുന്നു. എന്നാൽ ഇപ്പോൾ തേർഡ് അമ്പയറിങ്ങിലെ സാങ്കേതിക പിഴവുകളും താരങ്ങൾക്ക് തിരിച്ചടിയാകുകയാണ്.
ഗുജറാത്ത് ബാറ്റർ മാത്യു വെയ്‌ഡാണ് റിവ്യു സിസ്റ്റത്തിലെ സാങ്കേതിക പിഴവിന്‍റെ ഏറ്റവും ഒടുവിലത്തെ ഇര. ഗ്ലെൻ മാക്‌സ്‌വെൽ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച വെയ്‌ഡിന് ടൈമിങ് തെറ്റി. പന്ത് പാഡിൽ തട്ടിയതിനാൽ മാക്‌സ്‌വെൽ എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്‌തു. തുടർന്ന് അമ്പയർ ഔട്ട് വിളിക്കുകയും ചെയ്‌തു.
എന്നാൽ പാഡിൽ തട്ടുന്നതിന് മുന്നേ പന്ത് ബാറ്റിൽ തട്ടിയതിനാൽ വെയ്‌ഡ് റിവ്യു എടുത്തു. റീ പ്ലേയിൽ പന്ത് ബാറ്റിൽ തട്ടുന്നത് വ്യക്‌തമാക്കിയിരുന്നു. എന്നാൽ അൾട്രാ എഡ്‌ജിൽ അത് കാണിച്ചില്ല. ബോൾ ട്രാക്കിങ്ങിൽ പന്ത് വിക്കറ്റിൽ കൊള്ളുന്നത് വ്യക്‌തമായതോടെ തേർഡ് അമ്പയറും ഔട്ട് ശരിവെച്ചു.