മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ ആവേശം മുറുകുകയാണ്. ലീഗിന്‍റെ ആദ്യ ഘട്ടം അവസാനത്തില്‍ എത്തി നില്‍ക്കെ നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ മലയാളി താരം സഞ്‌ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാമത്.
കിരീടപ്പോരാട്ടത്തിനൊപ്പം തന്നെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനാവാനും കടുത്ത മത്സരമാണ് നടക്കുന്നത്. ഇപ്പോഴിതാ ഐപിഎല്‍ 16-ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് വിജയിയെ പ്രവചിച്ചിരിക്കുകയാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ. വിദഗ്‌ധര്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കിടെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലിലെ ചോദ്യത്തോടാണ് അനന്യ പ്രതികരിച്ചത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാവും ഇത്തവണ ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ജേതാവുകയെന്നാണ് അനന്യ പറയുന്നത്. തന്‍റെ പുതിയ ചിത്രമായ ഡ്രീം ഗേൾ 2-വിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് താരം ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് വിരാട് കോലിയുള്ളത്.
ഏഴ് മത്സരങ്ങളില്‍ നിന്നും 46.50 ശരാശരിയിലും 141.62 പ്രഹര ശേഷിയിലും 279 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നിന്നും 67.50 ശരാശരിയിലും 165.30 പ്രഹര ശേഷിയിലും 405 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ (ഏഴ് മത്സരങ്ങളില്‍ നിന്നും 52.33 ശരാശരിയിലും 143.37 പ്രഹര ശേഷിയിലും 314 റണ്‍സ്), ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (ഏഴ് മത്സരങ്ങളില്‍ നിന്നും 43.71 ശരാശരിയിലും 119.53 പ്രഹര ശേഷിയിലും 306 റണ്‍സ്), ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്‌മാന്‍ ഗില്‍ (ഏഴ് മത്സരങ്ങളില്‍ നിന്നും 40.57 ശരാശരിയിലും 142.71 പ്രഹര ശേഷിയിലും 284 റണ്‍സ്), എന്നിവരാണ് യഥാക്രമം ഡുപ്ലെസിസിന് പിന്നിലും വിരാട് കോലിക്ക് മുന്നിലുമുള്ളത്.
ഐപിഎല്‍ ചരിത്രത്തില്‍ ഇതേവരെ ഒരിക്കല്‍ മാത്രമാണ് വിരാട് കോലിക്ക് ഓറഞ്ച് ക്യാപ്പ് ലഭിച്ചിട്ടുള്ളത്. 2016 സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 973 റണ്‍സ് അടിച്ചെടുത്തായിരുന്നു താരം അന്ന് ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരനായത്. അതേസമയം അനന്യ പാണ്ഡെയ്‌ക്ക് ഒപ്പം ആയുഷ്‌മാൻ ഖുറാന മുഖ്യവേഷത്തിലെത്തുന്ന ഡ്രീം ഗേൾ- 2 ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തുക.
നേരത്തെ ജൂലൈ 7ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തതോടെയാണ് റിലീസ് നീട്ടിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. ബാലാജി മോഷൻ പിക്‌ചേഴ്‌സിന് കീഴിൽ ഏക്താ കപൂറും ശോഭ കപൂറും ചേർന്ന് നിർമ്മിക്കുന്നത് രാജ് ഷാൻഡിൽയയാണ് സംവിധാനം ചെയ്യുന്നത്.
ALSO READ: രോഹിത് അസ്വസ്ഥനാണ്; ഐപിഎല്ലില്‍ നിന്നും ഇടവേള എടുക്കണം: സുനില്‍ ഗവാസ്‌കര്‍