മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വി ഏറെ ചര്‍ച്ചയായിരുന്നു. താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 10 റണ്‍സിനായിരുന്നു തോറ്റത്. ലഖ്‌നൗ ഉയര്‍ത്തിയ 155 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം തന്നെ നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നെത്തിയ താരങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയാത്തതാണ് രാജസ്ഥാന് തിരിച്ചടിയായത്. ഇതില്‍ എടുത്തു പറയേണ്ടതാണ് ആറാം നമ്പറില്‍ ക്രീസിലെത്തിയ റിയാന്‍ പരാഗിന്‍റെ പ്രകടനം. ഏറെ നിര്‍ണായകമായ ഘട്ടത്തില്‍ കളത്തിലെത്തിയ താരം ആക്രമണത്തിന് മുതിരാതെ തുഴഞ്ഞ് കളിക്കുകയായിരുന്നു. സീസണില്‍ ഇതേവരെ ടീമിനായി കാര്യമായ പ്രകടനവും പരാഗിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല.
ഇതിന് പിന്നാലെ റിയാന്‍ പരാഗിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ അമോൽ മജുംദാർ. രാജസ്ഥാന്‍ ലഖ്‌നൗവിനെതിരെ തോറ്റത് റിയാന്‍ പരാഗിന്‍റെ മെല്ലപ്പോക്ക് കാരണമാണെന്നാണ് മജുംദാറിന്‍റെ നിലപാട്. തുടക്കം മുതലേ മുൻതൂക്കം നൽകേണ്ട സമയത്താണ് പരാഗ് പതുക്കെ കളിച്ചത്.
പരാഗ് ബാറ്റിങ് ശൈലി മാറ്റണം:തന്‍റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ പരാഗ് തയ്യാറാവണമെന്നാണ് മജുംദാര്‍ പറയുന്നത്. "നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ മൂന്ന് റണ്‍സാണ് പരാഗിന് നേടാന്‍ കഴിഞ്ഞത്. ക്രീസിലെത്തുന്നത് മുതല്‍ ആക്രമിച്ച് കളിക്കുന്ന അതിവേഗ ബാറ്റിങ്ങിലേക്ക് പരാഗ് മാറേണ്ടതുണ്ട്'', അമോൽ മജുംദാർ പറഞ്ഞു.
പരാഗിന് മുന്നെ യുവതാരം ധ്രുവ് ജുറെലിനെ രാജസ്ഥാൻ നേരത്തേ ബാറ്റിങ്ങിന് അയച്ചിരുന്നുവെങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാവുമായിരുന്നുവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. "രാജസ്ഥാൻ ധ്രുവ് ജുറെലിനെ നേരത്തെ ബാറ്റിങ്ങിന് അയയ്‌ക്കണമായിരുന്നു. നിലവില്‍ മികച്ച ഫോമിലുള്ള താരമാണ് ജൂറെല്‍.