അഹമ്മദാബാദ്:ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന് ശേഷം ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന് ചെന്നൈയുടെ വെറ്ററന്‍ മധ്യനിര താരം അമ്പാട്ടി റായുഡു. ഐപിഎല്‍ കലാശപ്പോരിന് മുന്‍പായിരുന്നു റായുഡുവിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. മുന്‍പ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച താരം തന്‍റെ തീരുമാനത്തെ പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇപ്രാവശ്യം വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അമ്പാട്ടി റായുഡു വ്യക്തമാക്കി.
'മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ രണ്ട് ഇതിഹാസ ടീമുകള്‍. 204 മത്സരം, 14 സീസണ്‍, 11 പ്ലേഓഫ്, എട്ട് ഫൈനല്‍, അഞ്ച് കിരീടം, ഇന്ന് ആറാം കിരീടം പ്രതീക്ഷിക്കുന്നു. ഇത് വലിയ ഒരു യാത്രയായിരുന്നു.
ഈ രാത്രിയോടെ ഐപിഎല്‍ കരിയറിന് വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കുന്നത് ശരിക്കും ആസ്വദിച്ചിരുന്നു. എല്ലാവരോടും നന്ദി മാത്രം, ഈ തീരുമാനത്തില്‍ ഇനി മാറ്റമുണ്ടാകില്ല' -എന്നായിരുന്നു അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്.
കഴിഞ്ഞ സീസണോടെ കളിയവസാനിപ്പിക്കും എന്ന് റായുഡു പറഞ്ഞിരുന്നതാണ്. എന്നാല്‍, സിഎസ്‌കെ മാനേജ്‌മെന്‍റ് ഒരു സീസണ്‍ കൂടി ചെന്നൈക്കായി കളിക്കാന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇക്കുറിയും കളത്തിലേക്കിറങ്ങിയത്.
എന്നാല്‍, ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതുവരെ മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ താരത്തിനായിട്ടില്ല. ഇക്കൊല്ലം കളിച്ച 15 മത്സരങ്ങളില്‍ നിന്നും 139 റണ്‍സ് മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അടിച്ചെടുത്തത്. പുറത്താകാതെ നേടിയ 27 ആണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
2010ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് അമ്പാട്ടി റായുഡു ഐപിഎല്ലിലേക്കെത്തുന്നത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 33 പന്തില്‍ 55 റണ്‍സടിച്ചതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് മുംബൈയുടെ മൂന്നാം നമ്പറിലും നാലാം നമ്പറിലും റായുഡു സ്ഥിര സാന്നിധ്യമായി.