മുംബൈ: ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ ട്വിറ്റ് പിൻവലിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ അമ്പാട്ടി റായുഡു. ആദ്യ ട്വിറ്റിന് ശേഷം മിനിറ്റുകൾക്കകമാണ് താരം ട്വിറ്റ് ഡിലീറ്റ് ചെയ്‌തത്. മുന്‍ ടീം മുംബൈ ഇന്ത്യന്‍സിനും നിലവിലെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി അറിയിച്ചായിരുന്നു റായുഡു നേരത്തെ ട്വിറ്റ് ചെയ്‌തിരുന്നത്.
ഇതാദ്യമായല്ല റായുഡു വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിലേക്ക് തെരഞ്ഞെടുക്കാതായപ്പോൾ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയായിരുന്നു.
''ഇതെന്‍റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷമായി ഐപിഎല്ലില്‍ കളിക്കാനും രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും കഴിഞ്ഞു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ആത്മാർത്ഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു.'' എന്നായിരുന്നു വിരമിക്കല്‍ അറിയിച്ചുകൊണ്ട് അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്.