ഹൈദരാബാദ് : ബാറ്റർമാരും ബോളർമാരും മാത്രമല്ല ഒരു ക്രിക്കറ്റ് മത്സരത്തെ ആവേശത്തിന്‍റെ കൊടുമുടി കയറ്റുന്നത്. പല മത്സരങ്ങളിലും ഫീൽഡർമാരുടെ മികച്ച പ്രകടനങ്ങൾ ടീമിന്‍റെ വിജയത്തിൽ നിർണായകമാകാറുണ്ട്. അത്തരത്തിൽ ക്രിക്കറ്റിന്‍റെ എല്ലാ ചേരുവകൾ കൊണ്ടും സമ്പന്നമായിരുന്നു ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം.
ബാറ്റർമാർക്കും ബോളർമാർക്കും പുറമെ ഇരു ടീമിലെയും ഫീൽഡർമാരും മിന്നും പ്രകടനം നടത്തുന്നതിനാണ് ഹൈദരാബാദ് സ്റ്റേഡിയത്തിലെ ആരാധകർ സാക്ഷിയായത്. സൺറൈസേഴ്‌സ് നായകൻ എയ്‌ഡൻ മാർക്രം, മുംബൈ ഇന്ത്യൻസിന്‍റെ ഓസ്ട്രേലിയൻ താരം ടിം ഡേവിഡ് എന്നിവരാണ് ഫീൽഡിങിൽ മികച്ചുനിന്നത്. മത്സരത്തിൽ വീണത് ആകെ 15 വിക്കറ്റുകളായിരുന്നു. ഇതിൽ എട്ടെണ്ണത്തിലും ഈ രണ്ട് താരങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. തകർപ്പൻ ക്യാച്ചുകളുമായി മൂന്ന് മുംബൈ താരങ്ങളെ പുറത്താക്കുന്നതിൽ എയ്‌ഡൻ മാർക്രം പങ്കാളിയായപ്പോൾ നാല് ക്യാച്ചുകളും നിർണായകമായ ഒരു റണ്ണൗട്ടും സഹിതമാണ് ടിം ഡേവിഡ് കളം നിറഞ്ഞാടിയത്.
നടരാജൻ എറിഞ്ഞ അഞ്ചാം ഓവറിൽ മുംബൈ നായകൻ രോഹിത് ശർമയെ ക്യാച്ചിലൂടെ പുറത്താക്കിയ മാർക്രം ആദ്യ വിക്കറ്റിൽ തന്നെ പങ്കാളിയായി. നടരാജന്‍റെ സ്ലോ ഓഫ് കട്ടർ നേരിടുന്നതിൽ പിഴച്ച രോഹിതിന്‍റെ ഷോട്ട് ലെഗ് സൈഡിൽ മാർക്രമിന്‍റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 18 പന്തിൽ നാല് ഫോറുകളടക്കം 28 റൺസുമായാണ് രോഹിത് മടങ്ങിയത്.
രോഹിത് ശർമയെ കൂടാതെ ഓപ്പണറായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരും മാർക്രമിന് പിടി നൽകിയാണ് മടങ്ങിയത്. 38 റൺസെടുത്ത ഇഷാൻ കിഷൻ മാർകോ ജാൻസന്‍റെ പന്തിലാണ് പുറത്തായത്. നിലവിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാർ ഏഴ് റൺസുമായി മടങ്ങി.