ബെംഗളൂരൂ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെയാണ് ചെന്നൈയുടെ മഞ്ഞ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. കളത്തിലിറങ്ങിയ ആദ്യ പോരാട്ടത്തില്‍ തന്നെ 27 പന്തില്‍ 61 റണ്‍സ് അടിച്ചുകൂട്ടി ക്രിക്കറ്റ് ആരാധകരെയെല്ലം ഞെട്ടിക്കാന്‍ രഹാനെയ്‌ക്ക് സാധിച്ചിട്ടുണ്ട്.
പൊതുവെ നിലയുറപ്പിച്ച ശേഷം പതിയെ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രഹാനെ ഇക്കുറി വന്നപാടെ അടി തുടങ്ങുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലും മിന്നും പ്രകടനമാണ് രഹാനെ പുറത്തെടുത്തത്. ഇന്നലെ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും രഹാനെ ഈ മികവ് തുടര്‍ന്നു.
ആര്‍സിബിക്കെതിരെ 20 പന്ത് നേരിട്ട രഹാനെ 37 റണ്‍സ് അടിച്ചാണ് മടങ്ങിയത്. മത്സരത്തില്‍ ബാറ്റിങ്ങിന് പുറമെ ഫീല്‍ഡിങ്ങിലും മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ രഹാനെയ്‌ക്കായി. ചെന്നൈയുടെ മറ്റ് താരങ്ങള്‍ ഫീല്‍ഡില്‍ മോശം പ്രകടനം നടത്തിയപ്പോഴായിരുന്നു 34 കാരനായ രഹാനെയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.
ആര്‍സിബി - സിഎസ്‌കെ മത്സരത്തിലെ രഹാനെയുടെ ഒരു കിടിലം ബൗണ്ടറി ലൈന്‍ സേവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചെന്നൈക്കായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെറിഞ്ഞ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. ബാംഗ്ലൂരിനായി തകര്‍പ്പനടികളിലൂടെ റണ്‍സ് ഉയര്‍ത്തിക്കൊണ്ടിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ സിക്സര്‍ ശ്രമം ആയിരുന്നു രഹാനെ ചാടി ഉയര്‍ന്ന് തട്ടിയകറ്റിയത്.