കേരളം

kerala

ETV Bharat / sports

സഞ്‌ജു സാംസണ്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര്‍ക്കറിയാം; വമ്പന്‍ പ്രവചനവുമായി ഡിവില്ലിയേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ്

മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാ ഗുണങ്ങളും സഞ്‌ജു സാംസണുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

Ab De Villers on Sanju Samson  Ab De Villers  Sanju Samson  IPL 2023  IPL  rajasthan royals  sanju samson captaincy  സഞ്‌ജു സാംസണ്‍  എബി ഡിവില്ലിയേഴ്‌സ്  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍ 2023
സഞ്‌ജു സാംസണ്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര്‍ക്കറിയാം

By

Published : Apr 7, 2023, 3:52 PM IST

മുംബൈ:ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രതിഭാധനരായ ബാറ്റര്‍മാരില്‍ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യന്‍ ടീമില്‍ കാര്യമായ അവസരം ലഭിച്ചിട്ടില്ലെങ്കിലും 28-കാരനായ സഞ്‌ജുവിനുള്ള ആരാധക പിന്തുണ വളരെ ഏറെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തോടെയാണ് താരം ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുന്നത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന കഴിവിന് പുറമെ തന്‍റെ നേതൃപാടവത്തിലും മതിപ്പുളവാക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ട്. ഐ‌പി‌എൽ 2021 സീസണിലാണ് സഞ്‌ജു രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായി നിയമിതനാവുന്നത്. സീസണില്‍ താരത്തിന് കീഴില്‍ കളിച്ച 14 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമേ രാജസ്ഥാന് വിജയിക്കാന്‍ കഴിഞ്ഞുള്ളു.

എന്നാൽ കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്കായിരുന്നു സഞ്‌ജു രാജസ്ഥാനെ നയിച്ചത്. 2008ലെ പ്രഥമ സീസണിന് ശേഷമുള്ള രാജസ്ഥാന്‍റെ ആദ്യ ഫൈനലായിരുന്നുവിത്. അന്ന് കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും താരത്തിന്‍റെ നേതൃപാടവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

സഞ്‌ജു സാംസണ്‍

നിലവിലെ സീസണിലും രാജസ്ഥാനെ മുന്നില്‍ നിന്നും നയിക്കുകയാണ് സഞ്‌ജു. താരത്തിന്‍റെ ഈ മികവിനെ പ്രശംസിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവിന് ഭാവിയിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ നയിക്കാനാകുമെന്ന് തനിക്ക് തോന്നുന്നുവെന്നാണ് ഡിവില്ലിയേഴ്‌സ് പ്രവചിച്ചിരിക്കുന്നത്.

"സഞ്ജു സാംസൺ, താരത്തിന്‍റെ മികവിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. അവിശ്വസനീയമായ ഒരു കളിക്കാരനാണ്. പക്ഷേ അവന്‍റെ ക്യാപ്റ്റൻസിയെക്കുറിച്ച് ആരും അധികം സംസാരിച്ചിട്ടില്ല.

എന്‍റെ മനസിലേക്ക് ആദ്യം വരുന്നത് അവന്‍റെ സംയമനമാണ്. ശാന്തനായ ഒരു വ്യക്തി. അമിതമായി ആവേശം കാണിക്കുന്നത് കണ്ടിട്ടേയില്ല. ക്യാപ്റ്റനെന്ന നിലയിൽ ഇത് വളരെ നല്ല അടയാളമാണ്", എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.

തന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്കന്‍:"ഒന്നിനോടും അമിത ആവേശം കാണിക്കാതിരിക്കുന്നത് ഒരു നായകന് വേണ്ട പ്രധാന ഗുണങ്ങളിലൊന്നാണ്. മത്സരത്തിനിടെ തന്ത്രങ്ങള്‍ മെനയുന്നതിലും സഞ്‌ജു സാംസണ്‍ മിടുക്കനാണ്.

ജോസ് ബട്‌ലറെപ്പോലെയുള്ള ഒരാളുമായി കൂടുതൽ സമയം ചെലവഴിക്കുകയും കൂടുതൽ അനുഭവം നേടുകയും ചെയ്യുന്നതിനാൽ താരത്തിന്‍റെ ക്യാപ്റ്റന്‍സി ഇനിയും ഏറെ മെച്ചപ്പെടും. ഇത്തരം കളിക്കാരില്‍ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിക്കും", ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഭാവിയിലെ ഇന്ത്യന്‍ നായകന്‍: ഇന്ത്യയ്‌ക്കായി മികച്ച പ്രകടനങ്ങള്‍ തുടരുകയാണെങ്കിൽ, അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സഞ്‌ജു ടീമിന്‍റെ നായകനായേക്കുമെന്നും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. "ഒരു മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാ ഗുണങ്ങളും സഞ്‌ജുവില്‍ ഉണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

ഒരുപക്ഷേ, ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഒരു ദിവസം, സഞ്‌ജു ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാവില്ലെന്ന് ആര്‍ക്കറിയാം. ക്യാപ്റ്റൻസി സഞ്ജുവിന്‍റെ കരിയറിനും ഗുണം ചെയ്യുന്നതാണ്. ദീർഘകാലം ക്യാപ്റ്റനായി തുടരാൻ കഴിയുമെങ്കിൽ, ടീമിനെ ഏറെ വിജയങ്ങളിലേക്ക് നയിക്കാന്‍ സഞ്‌ജുവിന് കഴിയും. താരത്തെ ഇന്ത്യൻ ജഴ്‌സിയിൽ വീണ്ടും കാണാനാണ് കാത്തിരിക്കുന്നത്", എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു നിര്‍ത്തി.

ALSO READ:IPL 2023 | ബട്‌ലറിന്‍റെ പരിക്ക് രാജസ്ഥാന്‍ റോയല്‍സിന് ആശങ്ക; താരത്തിന് അടുത്ത മത്സരം നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details