ചെന്നൈ:ഐപിഎല്‍ പതിനാറാം പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കണ്ടെത്തലാണ് ആകാശ് മധ്വാള്‍. പ്രധാന ബൗളര്‍മാരായ ജസ്‌പ്രീത് ബുംറയുടെയും ജോഫ്ര ആര്‍ച്ചറുടെയും അഭാവത്തില്‍ മറ്റ് താരങ്ങളില്‍ പലരും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മധ്വാളിന്‍റെ പ്രകടനങ്ങള്‍ മുംബൈക്ക് പകര്‍ന്ന ആശ്വാസം തെല്ലും ചെറുതല്ല. സീസണിലെ ആദ്യത്തെ എട്ട് മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു മധ്വാളിന്‍റെ സ്ഥാനം.
മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരം പിന്നീടുള്ള മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ സ്ഥിരം അംഗമായി. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് ആകാശ് മധ്വാളിന് നേടാനായത്. എന്നാല്‍ പിന്നീട് കളിച്ച നാല് കളികളില്‍ നിന്നും 12 വിക്കറ്റുകള്‍ 29-കാരനായ താരം സ്വന്തമാക്കി.
ഐപിഎല്‍ എലിമിനേറ്ററില്‍ നേടിയ അഞ്ച് വിക്കറ്റ് ഉള്‍പ്പടെയാണ് താരം കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ നേടിയത്. ചെപ്പോക്കില്‍ ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സ് വഴങ്ങിയായിരുന്നു മധ്വാള്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ആകാശ് മധ്വാള്‍ ടി20 കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ 81 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് കളിയിലെ താരമായും മധ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിന്നാലെ, തന്നെ ജസ്‌പ്രീത് ബുംറയുമായി നടത്തുന്ന താരതമ്യപ്പെടുത്തലുകള്‍ക്ക് മറുപടി പറയാനും താരം തയ്യാറായി. താന്‍ ഒരിക്കലും ബുംറയുടെ പകരക്കാരന്‍ അല്ലെന്നും, തനിക്ക് കഴിയുന്ന രീതിയില്‍ മികച്ച പ്രകടനം നടത്താനണ് ശ്രമിക്കുന്നതെന്നുമായിരുന്നു ആകാശ് മധ്വാളിന്‍റെ പ്രതികരണം.