അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് മുന്‍ താരവും കമന്‍റേററ്ററുമായ ആകാശ് ചോപ്ര. ഗുജറാത്ത് ടൈറ്റന്‍സിനെ മുംബൈ നിസാരക്കാരായി കാണരുതെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സ് -മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് മുന്‍പ് തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ചോപ്രയുടെ പ്രതികരണം.
നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു പ്ലേഓഫില്‍ ഇടം പിടിച്ചത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് രണ്ടാം ക്വാളിഫയറില്‍ ഹാര്‍ദിക്കിനും സംഘത്തിനും കളിക്കാന്‍ അവസരം ഒരുങ്ങിയത്. മറുവശത്ത് പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗവിനെ എലിമിനേറ്ററില്‍ 81 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു രണ്ടാം ക്വാളിഫയര്‍ കളിക്കാന്‍ മുംബൈ ഇന്ത്യന്‍സ് യോഗ്യത നേടിയത്.
'ഗുജറാത്ത് ടൈറ്റന്‍സിനെ മുംബൈ ഇന്ത്യന്‍സ് ഒരിക്കലും നിസാരക്കാരായി കാണരുത്. ടൂര്‍ണമെന്‍റിലുടനീളം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിരിക്കാന്‍ ഹാര്‍ദിക്കിനും കൂട്ടര്‍ക്കുമായി. ഒന്നാം സ്ഥാനം പിടിച്ച ശേഷം പിന്നീട് അവര്‍ താഴേക്ക് പോയിട്ടില്ല. എളുപ്പത്തിലാണ് അവര്‍ പ്ലേഓഫ് യോഗ്യതയും നേടിയത്' ആകാശ് ചോപ്ര പറഞ്ഞു.
'അവസാന മത്സരം ജയിക്കാന്‍ ഗുജറാത്തിന് മേല്‍ അധികം സമ്മര്‍ദം ഒന്നുമുണ്ടായിരുന്നില്ല. ഇന്ന് ആവേശകരമായൊരു മത്സരം നടക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. രണ്ട് ടീമുകള്‍ക്കും 50-50 ചാന്‍സാണ് ഇന്നുള്ളത്. നന്നായി കളിക്കുന്നവര്‍ ജയം പിടിക്കും' ചോപ്ര കൂട്ടിച്ചേര്‍ത്തു.