ജയ്‌പൂര്‍ : ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ (Avesh Khan) സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് (Rajasthan Royals). ലഖ്‌നൗ സൂപ്പർ ജയന്‍റ്സിൽ നിന്ന് ട്രേഡിങ്ങിലൂടെയാണ് ആവേശിനെ സഞ്‌ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കൂടാരത്തില്‍ എത്തിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മലയാളി താരമായ ദേവ്‌ദത്ത് പടിക്കലിനെ (Devdutt Padikkal) രാജസ്ഥാന്‍ കൈവിട്ടു (IPL Player Trading.
2022-ലെ മെഗാ താര ലേലത്തില്‍ 10 കോടി രൂപയ്‌ക്കായിരുന്നു ആവേശിനെ ലഖ്‌നൗ ടീമിലെത്തിച്ചത്. ട്രേഡിങ്ങില്‍ ഇതേ തുകയാണ് രാജസ്ഥാന്‍ താരത്തിനായി മുടക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗവിനായി 22 മത്സരങ്ങള്‍ കളിച്ച വലങ്കയ്യന്‍ പേസര്‍ 26 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
ലഖ്‌നൗവിലേക്ക് എത്തുന്നതിന് മുന്‍പ് 2018-2021 വരെ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് ആവേശ് ഖാന്‍ കളിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ കരിയര്‍ തുടങ്ങിയ ആവേശ് ഖാന്‍ ഇതുവരെ 47 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 26.3 ബൗളിങ് ശരാശരിയില്‍ 55 വിക്കറ്റാണ് നേടിയിട്ടുള്ളത് (Avesh Khan IPL Stats).
മെഗാ ലേലത്തില്‍ രാജസ്ഥാന്‍ മുടക്കിയ 7.75 കോടിയ്‌ക്കാണ് ദേവ്‌ദത്തിനെ ലഖ്‌നൗ കൂടാരത്തിലേക്ക് എത്തിച്ചത്. രാജസ്ഥാനായി കളിച്ച 28 മത്സരങ്ങളില്‍ നിന്നും 637 റണ്‍സാണ് ദേവ്‌ദത്ത് നേടിയിട്ടുള്ളത്. ദേവ്‌ദത്തിന്‍റെ മൂന്നാം ഐപിഎല്‍ ഫ്രാഞ്ചൈസിയാണിത്.