മുംബൈ: മാര്‍ക്ക് ബൗച്ചറെ മുഖ്യ പരിശീലകനായി നിയമിച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്. സ്ഥാനമൊഴിഞ്ഞ മഹേല ജയവര്‍ധനെയ്‌ക്ക് പകരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും പരിശീലകനുമായ മാര്‍ക്ക് ബൗച്ചര്‍ എത്തുന്നത്. പുതിയ പദവി വലിയ ഉത്തരവാദിത്തമാണെന്ന് ബൗച്ചര്‍ പ്രതികരിച്ചു.
ചരിത്രവും റെക്കോഡും പരിഗണിക്കുമ്പോള്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ. അത്തരമൊരു ടീമിന്‍റെ പരിശീലകനാവുകയെന്നത് തന്നെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത സീസണിന് മുന്നോടിയായി ബൗച്ചര്‍ ടീമിനൊപ്പം ചേരും.
ടി20 ലോകകപ്പിന് ശേഷം ബൗച്ചര്‍ പരിശീലക ചുമതല ഒഴിയുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. മറ്റ് പുതിയ അവസരങ്ങള്‍ക്കും ഭാവി കരിയറിനും വേണ്ടിയാണ് ബൗച്ചര്‍ ടീം വിടുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 2019ല്‍ ഓട്ടിസ് ഗിബ്‌സണില്‍ നിന്ന് ചുമതലയേറ്റെടുത്ത ബൗച്ചര്‍ക്ക് 2023ല്‍ ലോകകപ്പ് വരെ കരാറുണ്ടായിരുന്നു.