കൊല്‍ക്കത്ത:ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ഹാരി ബ്രൂക്കിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ മികവിലാണ് ഹൈദരാബാദ് 228 റണ്‍സ് അടിച്ചെടുത്തത്. 55 പന്തുകളില്‍ നിന്നും 12 ഫോറിന്‍റെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയിലാണ് ബ്രൂക്ക് ഐപിഎല്ലിലെ തന്‍റെ ആദ്യ സെഞ്ച്വറി നേടിയത്.
57 റണ്‍സിനിടെ മായങ്ക് അഗര്‍വാളിനെയും രാഹുല്‍ ത്രിപാഠിയേയും നഷ്‌ടപ്പെട്ട ഹൈദരാബാദിനായി അര്‍ധസെഞ്ച്വറി നേടിയ ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ചാണ് ഹാരി ബ്രൂക്ക് ഹൈദരാബാദ് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 26 പന്തുകളില്‍ നിന്ന് രണ്ട് ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയിലാണ് മാര്‍ക്രം 50 റണ്‍സ് എടുത്തത്.
വരുണ്‍ ചക്രബര്‍ത്തിയുടെ പന്തില്‍ ആന്ദ്രെ റസല്‍ ക്യാച്ച് എടുത്താണ് മാര്‍ക്രം പുറത്തായത്. മാര്‍ക്രത്തിന് പിന്നാലെ ഇറങ്ങിയ അഭിഷേക് ശര്‍മയും മത്സരത്തില്‍ ഹാരി ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് ടീമിനെ 200 കടത്തിയത്. ഹൈദരാബാദിനായി കഴിഞ്ഞ സീസണുകളില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ ഇന്ന് അഞ്ചാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്.
17 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. റസല്‍ തന്നെയാണ് അഭിഷേകിനെയും പുറത്താക്കിയത്. പിന്നാലെ ഇറങ്ങിയ ഹെന്‍ഡ്രിച്ച് ക്ലാസന്‍ ആറ് പന്തുകളില്‍ 16 റണ്‍സ് നേടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 20-ാം ഓവറിലാണ് ഹാരി ബ്രൂക്കിന്‍റെ സെഞ്ച്വറി നേട്ടം.