ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ (Brian Lara) മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad). പുതിയ പരിശീലകനായി ന്യൂസിലന്‍ഡിന്‍റെ മുന്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ വെട്ടോറിയെ (Daniel Vettori) നിയമിച്ചതായി ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലായുള്ള ലാറയുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞും വെട്ടോറിയെ സ്വാഗതം ചെയ്‌തും ഫ്രാഞ്ചൈസി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2022-ല്‍ സണ്‍റൈസേഴ്‌സിന്‍റെ ബാറ്റിങ് പരിശീലകനായിരുന്ന ബ്രയാന്‍ ലാറ 2023 സീസണിലാണ് ടീമിന്‍റെ മുഖ്യ പരിശീലകനാവുന്നത്. ഓസീസ് പരിശീലകന്‍ ടോം മൂഡിക്ക് പകരക്കാരനായാണ് ബ്രയാന്‍ ലാറയ്‌ക്ക് ചുമതല നല്‍കിയിരുന്നത്. എന്നാല്‍ സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി പത്താമതാണ് സണ്‍റൈസേഴ്‌സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
കളിച്ച 14 മത്സരങ്ങളില്‍ പത്തിലും ടീം തോല്‍വി വഴങ്ങിയപ്പോള്‍ നാല് വിജയങ്ങള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2016-ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിന് പിന്നീട് 2020-ല്‍ മാത്രമാണ് പ്ലേ ഓഫ് കഴിക്കാന്‍ കഴിഞ്ഞത്. ഇതിന് ശേഷം തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ഫ്രഞ്ചൈസി നടത്തിയത്. 29 കളികളില്‍ ടീം തോല്‍വി വഴങ്ങിയപ്പോള്‍ 13 ജയം മാത്രമേ നേടാനായുള്ളൂ.
അതേസമയം കഴിഞ്ഞ ആറ് സീസണുകളിലായി സണ്‍റൈസേഴ്‌സിന്‍റെ പ്രധാന പരിശീലകനാവുന്ന നാലാമത്തെ ആളാണ് വെട്ടോറി. 2022 സീസണിനെക്കൂടാതെ 2019-ലും ടോം മൂഡി സണ്‍റൈസേഴ്‌സിന്‍റെ സപ്പോർട്ട് സ്റ്റാഫിന്‍റെ തലപ്പത്തുണ്ടായിരുന്നു. 2020-ലും 2021-ലും ട്രെവർ ബെയ്‌ലിസ് കീഴിലായിരുന്നു ഫ്രാഞ്ചൈസി കളിച്ചത്. തുടര്‍ന്നായിരുന്നു ലാറയ്‌ക്ക് ഫ്രാഞ്ചൈസി അവസരം നല്‍കിയത്.