ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മായങ്ക് അഗര്‍വാളിനെ പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസി പഞ്ചാബ് കിങ്‌സ്. ടീമിലെ ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതേക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പഞ്ചാബ് കിങ്‌സിന്‍റെ പ്രസ്‌താവന.
ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇക്കാര്യം വിശദീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും ഫ്രാഞ്ചൈസി പ്രസ്‌താനയില്‍ പറയുന്നു. ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. പരിശീലകന്‍ അനില്‍ കുംബ്ലെയെ ഫ്രാഞ്ചൈസി പുറത്താക്കുന്നുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെയും ചുമതലയില്‍ നിന്നും മാറ്റുന്നതായി അഭ്യൂഹങ്ങള്‍ വന്നത്. കെഎല്‍ രാഹുലിന് പകരം കഴിഞ്ഞ സീസണിലാണ് മായങ്ക് പഞ്ചാബിന്‍റെ നായകനായത്. ടീമിനെ മുന്നില്‍ നയിക്കുന്നതില്‍ മായങ്ക് പരാജയപ്പെട്ടു.
ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം താരത്തിന്‍റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാരണത്താല്‍ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയ്‌ക്ക് ചുമതല നല്‍കിയേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം കുംബ്ലെയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഫ്രാഞ്ചൈസി പ്രതികരിച്ചില്ലില്ലെന്നതും ശ്രദ്ധേയമാണ്. 2020 സീസണിന്‍റെ തുടക്കത്തില്‍ ചുമതലയേറ്റ കുംബ്ലെയ്‌ക്ക് ടീമിനെ മികവിലേക്ക് നയിക്കാനായിട്ടില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍. ഇതിനകം തന്നെ ഫ്രാഞ്ചൈസി പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.