മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിങ്‌സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്തനൈറ്റ് റൈഡേഴ്‌സിന് ഇരട്ട ഐപിഎല്‍ കിരീടങ്ങളും നേടിക്കൊടുത്ത ട്രെവര്‍ ബെയ്‌ലിസാണ് ടീമിന്‍റെ പുതിയ പരിശീലകന്‍. സെപ്തംബറിൽ കരാര്‍ അവസാനിച്ച അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഓസ്‌ട്രേലിയക്കാരനായ ട്രെവര്‍ ബെയ്‌ലിസ് എത്തുന്നത്.
പഞ്ചാബ് കിങ്‌സിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് 52കാരനായ ബെയ്‌ലിസ് പറഞ്ഞു. പ്രതിഭാധനരായ കളിക്കാരുള്ള പഞ്ചാബ് ടീമിനൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെയ്‌ലിസിനെ സ്വാഗതം ചെയ്‌ത് ഫ്രാഞ്ചൈസി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2015 മുതല്‍ 2019വരെ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച ബെയ്‌ലിസ് സംഘത്തിന് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്താണ് പടിയിറങ്ങിയത്. 2007 മുതല്‍ 2011വരെ ബെയ്‌ലിസിന്‍റെ പരിശീലനത്തിലിറങ്ങിയ ശ്രീലങ്ക 2011ല്‍ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയിരുന്നു.