എറണാകുളം : ഐപിഎൽ മിനി ലേലത്തിൽ മലയാളി താരം വിഷ്‌ണു വിനോദിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കാണ് വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്‌ണു വിനോദിനെ മുംബൈ നേടിയത്. ലേലത്തിൽ സ്വന്തമാക്കപ്പെടുന്ന ആദ്യ മലയാളി താരം കൂടിയാണ് വിഷ്‌ണു വിനോദ്.
2021ൽ 20 ലക്ഷം രൂപയ്‌ക്ക് ഡൽഹി ക്യാപ്പിറ്റൽസ് വിഷ്‌ണുവിനെ സ്വന്തമാക്കിയിരുന്നു. 2017 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും താരത്തെ നേടിയിരുന്നു. എന്നാൽ ഒരു മത്സരം പോലും കളിക്കാൻ വിഷ്‌ണുവിന് അവസരം ലഭിച്ചിരുന്നില്ല. അതേസമയം മറ്റ് മലയാളി താരങ്ങളായ രോഹൻ കുന്നുമ്മൽ, കെഎം ആസിഫ്, മുഹമ്മദ് അസ്‌ഹറുദീൻ എന്നീ താരങ്ങളെ സ്വന്തമാക്കാൻ ഒരുടീമുകളും താൽപര്യം പ്രകടിപ്പിച്ചില്ല.
കോടിക്കിലുക്കവുമായി മുകേഷ് കുമാർ : അതേസമയം ഐപിഎൽ താരലേലത്തിൽ അതിശയിപ്പിക്കുന്ന നേട്ടവുമായി ബിഹാറിൽ നിന്നുള്ള മീഡിയം ഫാസ്റ്റ് ബോളർ മുകേഷ് കുമാർ. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന 29 കാരനായ താരത്തെ 5.5 കോടി എന്ന മോഹവിലയ്‌ക്ക് ഡൽഹി ക്യാപ്പിറ്റൽസാണ് സ്വന്തമാക്കിയത്. താരത്തിനായി പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പർ കിങ്‌സും ശ്രമം നടത്തിയിരുന്നു.
ഞെട്ടിച്ച് വിവ്‌റാന്ത് ശർമ : ജമ്മു കശ്‌മീരിൽ നിന്നുള്ള യുവതാരം വിവ്‌റാന്ത് ശർമയാണ് ഇന്നത്തെ ലേലത്തിൽ പണം വാരിയ മറ്റൊരു താരം. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 23 കാരനായ ഇടംകൈയ്യൻ ഓൾറൗണ്ടറിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു.
ടി20യിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 191 റണ്‍സും ആറ് വിക്കറ്റുകളും വിവ്‌റാന്ത് സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എയിൽ 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 519 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2022 ലെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിൽ ഉത്തരാഖണ്ഡിനെതിരെ 124 പന്തിൽ 154 റൺസും ഈ ഇടംകയ്യൻ ഓപ്പണർ സ്വന്തമാക്കിയിരുന്നു. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ആദ്യമായി ജമ്മു കശ്‌മീർ നോക്കൗട്ട് ബെർത്ത് കടന്നതും വിവ്‌റാന്തിന്‍റെ മികവിലായിരുന്നു.
സ്റ്റാറായി ശിവം മാവി : ശിവം മാവിയാണ് കുറഞ്ഞ അടിസ്ഥാന വിലയുള്ള താരങ്ങളിൽ പണം വാരിയ മറ്റൊരു താരം. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ആറ് കോടി രൂപയ്‌ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കൊൽക്കറ്റ നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്നു 24 കാരനായ താരം കളിച്ചിരുന്നത്.
മാവിയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും കഠിന ശ്രമം നടത്തിയിരുന്നു. 2018 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഭാഗമായിരുന്ന മാവി ഐപിഎല്ലിൽ 32 മത്സരങ്ങളിൽ നിന്ന് 8.70 എക്കണോമിയിൽ 30 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹിമാചൽ പ്രദേശിന്‍റെ ഓൾറൗണ്ടർ മായങ്ക് ദാഗറിനെ 1.8 കോടി രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 2018ൽ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം നൽകിയിരുന്നില്ല. ലിസ്റ്റ് എയിൽ 47 മത്സരങ്ങളിൽ നിന്ന് 53 വിക്കറ്റും ടി20യിൽ 44 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ അണ്ടർ 19 താരം നിഷാന്ത് സിന്ധുവിനെ 60 ലക്ഷം രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിങ്‌സും കഴിഞ്ഞ സീസണിൽ പഞ്ചാബിനായി കളിച്ച വൈഭവ് അറോറയെ 60 ലക്ഷം രൂപയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി. പഞ്ചാബിനായി 5 മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ വൈഭവ് അറോറ സ്വന്തമാക്കിയിട്ടുണ്ട്.