മുംബൈ: ഐപിഎൽ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഇത്തവണത്തെ ഐപിഎല്ലിൽ 25 ശതമാനം കാണികളെ പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ നിയന്ത്രണത്തിലാവുകയാണെങ്കിൽ കാണികളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ ഉടൻ പുറത്തുവിടും.
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി ഇത്തവണത്തെ ഐപിഎൽ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരുന്നത്. ലീഗ് മത്സരങ്ങൾ മുംബൈയിൽ വെച്ചും പ്ലേ ഓഫ് മത്സരങ്ങൾ അഹമ്മദാബാദിൽ വെച്ചും നടത്താനാണ് തീരുമാനം.