മുംബൈ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7:30-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍തോല്‍വികളില്‍ വലയുന്ന കൊല്‍ക്കത്തയ്‌ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്.
ഓറഞ്ച് ക്യാപ്പ് തലയിലുള്ള ജോസ് ബട്‌ലറും ദേവ്‌ദത്ത് പടിക്കലും മികച്ച തുടക്കം നല്‍കിയാല്‍ രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത പാടുപെടേണ്ടി വരും. മൂന്ന് സെഞ്ച്വറി ഉള്‍പ്പടെ 566 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ അടിച്ചുകൂട്ടിയത്. ഇവര്‍ക്ക് പുറമെ നായകന്‍ സഞ്‌ജു സാംസണ്‍, ഹെട്‌മെയര്‍, ഡാരില്‍ മിച്ചല്‍, റിയാന്‍ പരാഗ് എന്നിവരും മത്സരത്തിന്‍റെ ഗതി ഒറ്റയ്‌ക്ക് മാറ്റാന്‍ കഴിവുള്ള താരങ്ങളാണ്.
ബൗളിംഗില്‍ ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, കുല്‍ദീപ് സെന്‍ എന്നിവരൊന്നിക്കുന്ന പേസ് ത്രയവും ഏത് ബാറ്റിംഗ് നിരയേയും വെല്ലുവിളിക്കാന്‍ പോന്നവരാണ്. ഇവര്‍ക്കൊപ്പം പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡര്‍ യുസ്‌വേന്ദ്ര ചഹാലും, രവിചന്ദ്ര അശ്വിനും ഒരുക്കുന്ന സ്‌പിന്‍ കെണികൂടി ചേര്‍ന്നാല്‍ സഞ്‌ജു സാംസണ് ആശങ്കപ്പെടാന്‍ ഒന്നുമില്ല. നിലവില്‍ 12 പോയിന്‍റുമായി മൂന്നാമതുള്ള രാജസ്ഥാന്‍ ഇന്ന് ജയിച്ച് പ്ലേ ഓഫിലേക്കുള്ള സ്ഥാനം ഒരു പടി കൂടി അടുപ്പിക്കാനാകും ശ്രമിക്കുക.
ജയമില്ലാതെ മാർഗ്ഗമില്ല:കഴിഞ്ഞ 5 മത്സരങ്ങളില്‍ ഒന്നില്‍പ്പോലും കൊല്‍ക്കത്ത വിജയിച്ചിട്ടില്ല. സീസണില്‍ 8 മത്സരങ്ങള്‍ കളിച്ചിട്ടും മികച്ച ടോപ് ഓര്‍ഡറിനെ കണ്ടെത്താന്‍ കഴിയാത്തതാണ് കൊല്‍ക്കത്ത നേരിടുന്ന പ്രധാന വെല്ലുവിളി. ഓപ്പണിംഗിലും മധ്യനിരയിലും പരീക്ഷിച്ചിട്ടും വെങ്കിടേഷ് അയ്യറിന് താളം കണ്ടെത്താന്‍ കഴിയാത്തതും നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയാണ്.
നായകന്‍ ശ്രേയസ് അയ്യരിലും, ആന്ദ്രേ റസലിലുമാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷ. രാജസ്ഥാന്‍ വെടിക്കെട്ട് ബാറ്റിംഗ് നിരയെ തളയ്‌ക്കാനുള്ള ദൗത്യം ഉമേഷ് യാദവിനും, ടിം സൗത്തിക്കും, സുനില്‍ നരേയ്‌നുമായിരിക്കും. മിസ്‌ട്രി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമില്ലായ്‌മയും കൊല്‍ക്കത്തയ്‌ക്ക് തലവേദന സൃഷ്‌ടിക്കുന്നുണ്ട്.