ന്യൂഡൽഹി:ഐപിഎല്ലിന്റെ വരവ് ഇന്ത്യൻ ക്രിക്കറ്റിന് പലരൂപത്തില്‍ ഗുണങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന നിരവധി താരങ്ങൾ ദേശീയ അന്തർദേശീയ താരങ്ങളായി. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന യുവതാരങ്ങൾ കോടിപതികളായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രവേശനം പോലും ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായി.
അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിനെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പറിച്ച് നട്ട ഐപിഎല്‍ ഇന്ത്യൻ ടീമിന് സമ്മാനിച്ച ഒരു പിടി താരങ്ങളെ കുറിച്ചാണ് പറയുന്നത്. വരാൻ പോകുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കം കൂടിയാണ് ഈ ഐപിഎല്‍ ടൂർണമെന്റ്. മികച്ച ഫിനിഷർമാരുടെ അഭാവം പലപ്പോഴും ഇന്ത്യയ്ക്ക് വിജയം കയ്യെത്തും ദൂരത്ത് നഷ്ടമാകുന്നതിന് ക്രിക്കറ്റ് ആരാധകർ സാക്ഷിയായിട്ടുണ്ട്.
എംഎസ് ധോണിക്ക് ശേഷം ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോളിലേക്ക് ഒരു താരത്തെ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഇത്തവണത്തെ ഐപിഎല്ലിൽ ഫിനിഷർ റോളിൽ തിളങ്ങുന്ന ചില ഇന്ത്യൻ താരങ്ങൾ വരാനിരിക്കുന്ന ലോകകപ്പ് ടി20യിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഫിനിഷർ റോളിലേക്ക് ദിനേശ് കാർത്തിക്കിനേയും, രാഹുൽ തെവാട്ടിയയേയും പരീക്ഷിക്കണമെന്നാണ് ഇന്ത്യൻ മുൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിന്റെ അഭിപ്രായം. ഫിനിഷറുടെ റോളിൽ ഇന്ത്യക്ക് ഹാർദിക്, ജഡേജ, കാർത്തിക്, തെവാട്ടിയ എന്നിവരെ പരിഗണിക്കാവുന്നതാണ്.