ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian Premier League )പുതിയ സീസണിന് മുന്നോടിയായുള്ള മിനി താര ലേലം അല്‍പസമയത്തിനകം. ഉച്ചയ്‌ക്ക് ഒരു മണിക്ക് ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം നടക്കുക. (IPL Auction 2024). ഇതാദ്യമായാണ് ഐപിഎല്‍ ലേലം ഇന്ത്യയ്‌ക്ക് പുറത്ത് നടക്കുന്നത്. ആകെ 333 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
ഇതില്‍ 119 കളിക്കാര്‍ വിദേശത്ത് നിന്നും 214 പേര്‍ ഇന്ത്യക്കാരുമാണ്. പത്ത് ടീമുകള്‍ക്കുമായി ആകെ 77 കളിക്കാരെ ടീമിലെത്തിക്കാം. ഇതില്‍ 30 സ്ലോട്ട് വിദേശ താരങ്ങള്‍ക്കും 44 സ്ലോട്ട് ഇന്ത്യന്‍ താരങ്ങള്‍ക്കുമുള്ളതാണ്. ലേലത്തിനായി ഏറ്റവും കൂടുതല്‍ തുക കയ്യിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സിനാണ്.
38.15 കോടി രൂപയാണ് ടീമിനുള്ളത്. ഏറ്റവും കുറഞ്ഞ തുക ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കയ്യിലാണ്. 13.15 കോടി രൂപയാണ് ഫ്രാഞ്ചൈസിക്ക് ബാക്കിയുള്ളത്. സൺറൈസേഴ്‌സ് ഹൈദരാബാദ് (34 കോടി), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (32.7 കോടി), ചെന്നൈ സൂപ്പർ കിങ്സ് (31.4 കോടി), പഞ്ചാബ് കിങ്സ് (29.1 കോടി), ഡൽഹി ക്യാപിറ്റൽസ് (28.95 കോടി), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (23.25 കോടി) , മുംബൈ ഇന്ത്യൻസ് (17.75 കോടി), രാജസ്ഥാൻ റോയൽസ് (14.5 കോടി) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ കയ്യിലുള്ള തുക.
ALSO READ:മൗനമോ ഹിറ്റ്‌മാന്‍റെ മറുപടി, ഇത്ര 'ചീപ്പാണോ' മുംബൈ ഇന്ത്യൻസ്...ക്യാപ്റ്റനല്ലാത്ത രോഹിത് മുംബൈയില്‍ എത്രനാൾ
കോടിപതികളാവാന്‍ :രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളായി 23 പേരാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇന്ത്യയുടെ ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), റിലീ റൂസോവ് (ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), ജെറാൾഡ് കോറ്റ്സി (ദക്ഷിണാഫ്രിക്ക),
പാറ്റ് കമ്മിൻസ് (ഓസ്‌ട്രേലിയ), ക്രിസ് വോക്സ് (ഇംഗ്ലണ്ട്), ജോഷ് ഇംഗ്ലിസ്(ഓസ്‌ട്രേലിയ), ലോക്കി ഫെർഗൂസൺ (ന്യൂസിലാൻഡ്), ജോഷ് ഹെസൽവുഡ് ( ഓസ്‌ട്രേലിയ), മിച്ചൽ സ്റ്റാർക്ക്( ഓസ്ട്രേലിയ), മുജീബ് ഉർ റഹ്മാൻ (അഫ്ഗാനിസ്ഥാൻ), ജാമി ഓവർട്ടൺ (ഇംഗ്ലണ്ട്), ഡേവിഡ് വില്ലി (ഇംഗ്ലണ്ട്), ബെൻ ഡക്കറ്റ് (ഇംഗ്ലണ്ട്), മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), ആദിൽ റഷീദ് (ഇംഗ്ലണ്ട്), റാസി വാൻ ഡെർ ഡസ്സൻ (ദക്ഷിണാഫ്രിക്ക), ജെയിംസ് വിൻസ് (ഇംഗ്ലണ്ട്), സീൻ അബോട്ട് (ഓസ്‌ട്രേലിയ) എന്നിവരാണ് മറ്റ് പേരുകാര്‍.
ലേലം കാണാന്‍ :ഐപിഎല്‍ 2024 - സീസണിന് മുന്നോടിയായുള്ള മിനി ലേലം ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലും ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. (How to watch IPL Auction 2024).
ALSO READ: വെടിക്കെട്ടുകാര്‍ അര്‍ഷിന്‍,ഹര്‍വിക്,അശുതോഷ്, സൗരവ്... ; എറിഞ്ഞിടുന്നവര്‍ രവിതേജ, അഭിമന്യു... ; അണ്‍ക്യാപ്‌ഡ് താരങ്ങളിലെ വമ്പന്‍മാര്‍