ഹൈദരാബാദ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15–ാം പതിപ്പിന് മഹാരാഷ്ട്രയിലെ നാലു വേദികളിലായി ഇന്ന് തുടക്കമാവും. ഐപിഎല്ലിന്‍റെ വരവോടെ ഇന്ത്യൻ യുവതാരങ്ങളടക്കം ലോകമെമ്പാടുമുള്ള നിരവധി താരങ്ങളാണ് ഉയർന്നുവന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.
ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ രവീന്ദ്ര ജഡേജയും കൊൽക്കത്ത ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. മെഗാ താരലേലത്തിന്‍റെ വെളിച്ചത്തിൽ സമ്പൂർണ അഴിച്ചുപണികളുമായാണ് എല്ലാ ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്.
പുതിയ സീസണിന് ഇന്ന് തുടക്കമാകുമ്പോൾ, ഐപിഎല്ലിലെ റെക്കോഡുകളെ കുറിച്ചും മറ്റ് അനുബന്ധ കാര്യങ്ങളെ കുറിച്ചും വിശദമായിട്ടറിയാം.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
മുൻ ആർസിബി നായകൻ വിരാട് കോഹ്‌ലി, 199 ഇന്നിംഗസുകളിൽ നിന്നായി 6283 റൺസാണ് നേടിയത്.
ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
2013ൽ പൂനെ വാരിയേഴ്‌സിനെതിരെ ക്രിസ് ഗെയ്‌ൽ നേടിയ 175 റൺസാണ് റെക്കോഡ്. ആർസിബിക്ക് വേണ്ടി കളിക്കുമ്പോൾ 66 പന്തുകൾ നേരിട്ടാണ് വിൻഡീസ് താരം ഈ സ്‌കോറിലെത്തിയത്. 130 റൺസ് നേടിയ കെ.എൽ രാഹുലാണ് രണ്ടാമത്.
ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ?
ആറ് സെഞ്ചുറികളുമായി ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. നിലവിൽ 5 സെഞ്ചുറികളുമായി കോഹ്‌ലി രണ്ടാമതാണ്.
ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം ?
357 സിക്‌സുകളുമായി ക്രിസ് ഗെയ്‌ൽ രണ്ടാമതുള്ള രോഹിത് ശർമ്മയെക്കാൾ ബഹുദൂരം മുന്നിലാണ്. 227 സിക്‌സറുകളാണ് രോഹിത് നേടിയിട്ടുങ്ള്ളത്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ?
170 വിക്കറ്റുമായി ശ്രീലങ്കൻ പേസർ ലസിത് മലിംഗയാണ് ഒന്നാമത്. 167 പുറത്താക്കലുകളുമായി നിലവിൽ രണ്ടാമതുള്ള ഡ്വെയ്ൻ ബ്രാവോക്ക് ഈ സീസണിൽ മലിംഗയെ മറികടക്കനാവും.
മികച്ച ബൗളിങ്ങ് പ്രകടനം ആരുടെ പേരിലാണ് ?
2019-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 12 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ അൽസാരി ജോസഫിന്‍റെ പേരിലാണ് റെക്കോഡ്.
ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടിയ താരം ?
ഓസ്‌ട്രേലിയയുടെ ജെയിംസ് ഫോക്‌നറും ഇടങ്കയ്യൻ പേസർ ജയ്‌ദേവ് ഉനദ്‌കട്ടും രണ്ട് വീതം അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോഡ് പങ്കിടുന്നു.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മെയ്‌ഡൻ ഓവറുകൾ എറിഞ്ഞ താരം ?
14 മെയ്‌ഡനുകളോടെ മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ ഒന്നാമതാണ്. നിലവിൽ കളിക്കുന്ന താരങ്ങളിൽ 9 മെയ്‌ഡനുകളോടെ ഭുവനേശ്വർ കുമാറാണ് ഒന്നാം സ്ഥാനത്ത്.