മുംബൈ :ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) വിടുന്നതായി സൂചന. ഐപിഎല്‍ 2024 (IPL 2024) സീസണില്‍ താരം തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിനായി (Mumbai Indians) കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (Hardik Pandya Trade). നാളെ (നവംബര്‍ 26) ഐപിഎല്‍ ട്രേഡ് വിന്‍ഡോ (IPL Trade Window) അവസാനിക്കാനിരിക്കെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
2015ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. തുടര്‍ന്ന് ഏഴ് സീസണുകളില്‍ ഹാര്‍ദിക് മുംബൈയ്‌ക്കായി കളിച്ചു. 2022ലാണ് താരം മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുന്നത്.
അവിടെ നായകസ്ഥാനം ഏറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് സാധിച്ചിരുന്നു. പിന്നാലെ, ഈ സീസണില്‍ ടൈറ്റന്‍സ് ഐപിഎല്‍ റണ്ണര്‍ അപ്പുകളായതും ഹാര്‍ദികിന് കീഴില്‍.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്ലെയര്‍ ട്രേഡ് ആയിരിക്കുമിത്. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് നേരിടുന്ന പ്രധാന വെല്ലുവിളി മിനിതാരലേലത്തിന് മുന്‍പായി ആവശ്യമായ തുക സൂക്ഷിക്കുക എന്നതാണ്. ഇപ്പോള്‍, അവരുടെ പക്കല്‍ 5 ലക്ഷം രൂപ മാത്രമാണ് ശേഷിക്കുന്നത്. ഈ വര്‍ഷത്തെ താരലേലത്തിന് മുന്‍പായി ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് കോടി അധികമായി ഉപയോഗിക്കാം.
Also Read:രാജസ്ഥാന്‍ റോയല്‍സ് പണി തുടങ്ങി, മലയാളി താരം പുറത്തേക്ക്; പകരം ലഖ്‌നൗവില്‍ നിന്നും റാഞ്ചിയത് ആവേശ് ഖാനെ
ഹാര്‍ദികിനെ സ്വന്തമാക്കാന്‍ 15 കോടിയാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടത്. ഈ സാഹചര്യത്തില്‍ പാണ്ഡ്യയെ സ്വന്തമാക്കാന്‍ മുംബൈ ഏത് താരത്തെ വിട്ടുകൊടുക്കുമെന്നതിലും വ്യക്തത വന്നിട്ടില്ല. ഹാര്‍ദികിന് വേണ്ടി നായകന്‍ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്‌തേക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.
കൂടാതെ, ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ അവര്‍ റിലീസ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹാര്‍ദികിന് പകരം മുംബൈയില്‍ നിന്നും മറ്റ് താരങ്ങളെ ഗുജറാത്ത് സൈന്‍ ചെയ്‌തേക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റയെ ടീം ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫുകളില്‍ ഒരാളാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും ടൈറ്റന്‍സുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതും.
ഐപിഎല്‍ കരിയറില്‍ 123 മത്സരം കളിച്ചിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യ 30.38 ശരാശരിയിലും 145.86 സ്ട്രൈക്ക് റേറ്റിലും 2309 റണ്‍സാണ് നേടിയിട്ടുള്ളത്. 53 വിക്കറ്റ് സ്വന്തമാക്കാനും സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദികിന് സാധിച്ചിട്ടുണ്ട് (Hardik Pandya IPL Stats).
Also Read:ഏഴാം കടലിനുമക്കരെ... ഐപിഎല്‍ താരലേലം ആദ്യമായി ഇന്ത്യയ്‌ക്ക് പുറത്ത്; വേദി പ്രഖ്യാപിച്ചു