മുംബൈ:വമ്പന്‍ ട്വിസ്റ്റുകളുമായി ഐപിഎല്‍ താര കൈമാറ്റം (IPL 2024 Players Trade). ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നലെ (നവംബര്‍ 26) വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചില നാടകീയ സംഭവങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള പ്രധാന ചര്‍ച്ചാവിഷയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) മുംബൈ ഇന്ത്യന്‍സിലേക്കുള്ള (Mumbai Indians) തിരിച്ചുവരവ്. ഐപിഎല്‍ കരിയര്‍ ആരംഭിച്ച ടീമിലേക്ക് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പില്‍ തന്നെയായിരുന്നു ആരാധകരും. എന്നാല്‍, ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങളുട പട്ടിക പുറത്തുവിട്ടപ്പോള്‍ അക്കൂട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടായിരുന്നത് ആരാധകരെ നിരാശരാക്കി.
എന്നാല്‍, ഇതിന് ശേഷം മണിക്കൂറുകള്‍ക്ക് പിന്നാലെ തന്നെ മറ്റൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി എന്നായിരുന്നു അത് (Hardik Pandya Traded To Mumbai Indians). 15 കോടിയും നല്‍കിയാണ് പാണ്ഡ്യയെ മുംബൈ സ്വന്തമാക്കി എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ക്രിക്ക്ബസ് ആയിരുന്നു (Cricbuzz Report On Hardik Pandya IPL Trading).
അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതിന് പിന്നാലെ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ (Cameron Green) മുംബൈ ഇന്ത്യന്‍സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട് (Cricbuzz Report On Cameron Green Trading). താര കൈമാറ്റത്തിലൂടെയല്ല പണമിടപാടിലൂടെയാണ് ആര്‍സിബിയും ഗ്രീനിനെ ടീമിലേക്ക് എത്തിച്ചതെന്നാണ് സൂചന (Cameron Green Traded To Royal Challengers Bangalore).
മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി ടീമുകള്‍ കരാര്‍ ഔപചാരികമാക്കിയിട്ടുണ്ടെന്നാണ് ക്രിക്ക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചെങ്കിലും ട്രേഡിങ് നടത്താന്‍ ഡിസംബര്‍ 12വരെയാണ് സമയമുള്ളത്. ഈ സമയത്തിനുള്ളില്‍ ടീമുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും താരകൈമാറ്റം നടത്താന്‍ സാധിക്കും. ഡിസംബര്‍ 19നാണ് ഇത്തവണത്തെ ഐപിഎല്‍ മിനി താരലേലം (IPL Auction 2024).
Also Read :അനന്തപുരിയിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ടി 20 പരമ്പരയില്‍ ഇന്ത്യ 2 -0 ത്തിന് മുന്നില്‍