ഹൈദരാബാദ്:16 സീസണ്‍ കളിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ഐപിഎല്‍ (IPL) കിരീടം ഇന്നും കിട്ടാക്കനിയാണ്. 2009, 2011, 2016 വര്‍ഷങ്ങളില്‍ ടീം ഐപിഎല്‍ ഫൈനലില്‍ എത്തിയെങ്കിലും തോല്‍വിയോടെ മടങ്ങാനായിരുന്നു വിധി. പേപ്പറില്‍ കരുത്തരായിരുന്നിട്ടും കളിക്കളത്തില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ പോകുന്നതായിരുന്നു പലപ്പോഴും ആര്‍സിബിയ്‌ക്ക് (RCB) തിരിച്ചടിയായി മാറുന്നത്.
2022-വരെയുള്ള തുടര്‍ച്ചയായ മൂന്ന് സീസണുകളിലും പ്ലേ ഓഫില്‍ ഇടം കണ്ടെത്തിയ ആര്‍സിബി കഴിഞ്ഞ തവണ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരായിട്ടായിരുന്നു മടങ്ങിയത്. നേരിട്ട തിരിച്ചടികളില്‍ നിന്നെല്ലാം കരകയറുക എന്ന ലക്ഷ്യത്തോടെയാകും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പുതിയ പരിശീലകനായി ആന്‍ഡി ഫ്ലവറും ടീം ഡയറക്‌ടറായി മോ ബോബറ്റും ചുമതലയേറ്റെടുത്ത സാഹചര്യത്തില്‍ പുത്തന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കുമുള്ളത്.
അടുത്തിടെ അവസാനിച്ച പ്ലെയര്‍ ട്രേഡിങ് വിന്‍ഡോയില്‍ സജീവ ഇടപെടല്‍ നടത്തിയ ടീമുകളില്‍ ഒന്നാണ് ആര്‍സിബി. മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കിയതിലൂടെ ടീമിന്‍റെ പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങളില്‍ ഒന്ന് ശക്തിപ്പെടുത്താന്‍ അവര്‍ക്കായി. എങ്കിലും ചില വിടവുകള്‍ ഇപ്പോഴും ആര്‍സിബി സ്ക്വാഡിലുണ്ട്, താരലേലത്തിലൂടെ അതിനെല്ലാം പരിഹാരം കണ്ടെത്താനാകും ടീം ശ്രമിക്കുന്നത്.
പന്തെറിയാനും ആള് വേണം...(RCB IPL Auction Strategy):ശക്തമായ ബാറ്റിങ് നിരയുണ്ടെങ്കിലും മികച്ച ബൗളര്‍മാരുടെ അഭാവമാണ് പല മുന്‍ സീസണുകളിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടികള്‍ സമ്മാനിച്ചിട്ടുള്ളത്. ബാറ്റര്‍മാരുടെ പറുദീസയായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അവിടെ കൃത്യതയോടെ പന്തെറിയുന്ന ബൗളര്‍മാരെയാണ് ആര്‍സിബിയ്‌ക്ക് ആവശ്യം. ജോഷ് ഹെയ്‌സല്‍വുഡ്, വെയ്‌ന്‍ പാര്‍നെല്‍, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയെല്ലാം റിലീസ് ചെയ്‌ത സാഹചര്യത്തില്‍ ഒരു പ്രീമിയം പേസറെ നോട്ടമിട്ടായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരലേലത്തിന് എത്തുന്നത്.
നിലവില്‍ 23.25 കോടിയാണ് ആര്‍സിബിയുടെ പക്കലുള്ളത് (RCB Remaining Purse). നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള മുഹമ്മദ് സിറാജ്, റീസ് ടോപ്ലി എന്നിവര്‍ മാത്രമാണ് ബാംഗ്ലൂര്‍ സ്ക്വാഡിലുള്ളത്. ബൗളിങ് യൂണിറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ആര്‍സിബി നോട്ടമിട്ടേക്കാം.