ഹൈദരാബാദ്:പ്രഥമ സീസണില്‍ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പിന്നീട് വീണ്ടുമൊരു ഫൈനലില്‍ എത്തിയത് 2022ല്‍ ആണ്. എന്നാല്‍, ആദ്യ സീസണിലെ കിരീട നേട്ടം അന്ന് അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയായിരുന്നു സഞ്ജു സാംസണും സംഘവും മടങ്ങിയത്.
ഇതിന് പിന്നാലെ, കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഘട്ടത്തിലെ തുടര്‍തോല്‍വികള്‍ രാജസ്ഥാന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കത്തില്‍ പോയിന്‍റ് പട്ടികയുടെ തലപ്പത്ത് ഉണ്ടായിരുന്ന ടീം ടൂര്‍ണമെന്‍റ് അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ചില പ്രധാന റോളുകള്‍ ചെയ്യാന്‍ സ്ക്വാഡില്‍ ആളില്ലാതെ പോയതായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായത്.
കഴിഞ്ഞ സീസണില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാകും വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. നിലവില്‍ 17 താരങ്ങളാണ് റോയല്‍സിന്‍റെ സ്ക്വാഡിലുള്ളത്. മൂന്ന് വിദേശികള്‍ ഉള്‍പ്പടെ എട്ട് പേരെ ലക്ഷ്യമിട്ടായിരിക്കും 14.50 കോടി പഴ്‌സ് തുകയുമായി രാജസ്ഥാന്‍ റോയല്‍സ് താരലേലത്തിന് എത്തുന്നത് (Rajasthan Royals Remaining Purse Balance).
ആ വിടവ് നികത്തണം...(Rajasthan Royals Auction Strategy): ഒരു മികച്ച ഓള്‍ റൗണ്ടറുടെ അഭാവമായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായത്. ഓള്‍ റൗണ്ടര്‍മാരായി ടീം ഉപയോഗിച്ച ജേസണ്‍ ഹോള്‍ഡറിനും രവിചന്ദ്രന്‍ അശ്വിനുമൊന്നും ആവശ്യഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു ബാറ്റിങ് ഓള്‍ റൗണ്ടറെ ലക്ഷ്യമിട്ടായിരിക്കും രാജസ്ഥാന്‍ റോല്‍സ് ടീം മാനേജ്‌മെന്‍റ് താരലേലത്തിന് എത്തുന്നത്.