മുംബൈ :ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ 17-ാം പതിപ്പിനുള്ള താരലേലം ദുബായില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട് (IPL Auction 2024). ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഐപിഎല്‍ താരലേലം ഇന്ത്യയ്‌ക്ക് പുറത്ത് നടത്താനൊരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബര്‍ 19നാണ് താരലേലം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇസ്‌താംബൂളില്‍ വച്ച് ഐപിഎല്‍ താരലേലം നടത്താനായിരുന്നു ബിസിസിഐയുടെ പദ്ധതി. എന്നാല്‍, പിന്നീട് ഇത് ഉപേക്ഷിക്കുകയും കൊച്ചിയില്‍ വച്ച് മിനി താരലേലം സംഘടിപ്പിക്കുകയുമായിരുന്നു. മെഗ താരലേലത്തിന് മുന്നോടിയായി നടക്കുന്ന അവസാനത്തെ മിനി താരലേലത്തിനാണ് ഇപ്രാവശ്യം ദുബായ് വേദിയാകാനൊരുങ്ങുന്നത്.
പുതിയ സീസണിന് മുന്നോടിയായി വിവിധ ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 26 ആക്കി. നേരത്തെ നവംബര്‍ 15നകം ടീമുകള്‍ താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ തുക 95 കോടി ആയിരുന്നു. എന്നാല്‍, ഇപ്രാവശ്യം ഇതിലേക്ക് 5 കോടിയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ പഞ്ചാബ് കിങ്‌സിന്‍റെ പക്കലാണ് കൂടുതല്‍ തുക ബാലന്‍സായുള്ളത് (Remaining Purse Balance Of IPL Teams).