ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് (Chennai Super Kings) ആറാം കിരീടം ലക്ഷ്യമിട്ടാണ് ഐപിഎല്ലിന്‍റെ (IPL 2024) പതിനേഴാം പതിപ്പിന് ഇറങ്ങാന്‍ ഒരുങ്ങുന്നത്. ടീമിന്‍റെ തയ്യാറെടുപ്പുകളെല്ലാം അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തിന് (IPL Auction 2024) മുന്നോടിയായി ടീം നിലനിര്‍ത്തിയത് 19 താരങ്ങളെയാണ്.
ഇതില്‍ ആരാധകരെ ഏറ്റവും ആവേശത്തിലാക്കിയത് ക്യാപ്‌റ്റനായി എംഎസ് ധോണി (MS Dhoni) തന്നെ തുടരുമെന്ന കാര്യവും. തല ധോണിക്കും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിനും കീഴില്‍ പുതിയ സീസണിലും കഴിഞ്ഞ കാലത്തെ പ്രകടനം അവര്‍ക്ക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ ആരാധകരും. മുന്‍ സീസണില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന പലരും ഇത്തവണയും ടീമിനൊപ്പം തന്നെയുണ്ട്.
2024 ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഒഴിവുള്ള ആറ് സ്ഥാനങ്ങളിലേക്കാണ് ചെന്നൈയ്‌ക്ക് താരങ്ങളെ കണ്ടെത്തേണ്ടത്. ഇതില്‍ മൂന്ന് പേർ വിദേശികളായിരിക്കണം. 31.40 കോടിയാണ് സിഎസ്‌കെയുടെ പഴ്‌സില്‍ ശേഷിക്കുന്ന തുക (CSK Remaining Purse For IPL Auction 2024).
ചെന്നൈയുടെ ലക്ഷ്യം ഇവരോ...?(Chennai Super Kings Auction Strategy):മൂന്ന് വിദേശികളെയും അത്ര തന്നെ ഇന്ത്യന്‍ താരങ്ങളെയും ലക്ഷ്യമിട്ടായിരിക്കും സ്റ്റീഫന്‍ ഫ്ലെമിങും സംഘവും ഐപിഎല്‍ താരലേലത്തിലേക്ക് എത്തുന്നത്. ടീം പ്രധാനമായും നോട്ടമിടുന്നത് കഴിഞ്ഞ സീസണുകളില്‍ മധ്യനിരയുടെ കരുത്തായിരുന്ന അമ്പാട്ടി റായ്‌ഡുവിന്‍റെ പകരക്കാരനെയാണ്. ഈ സ്ഥാനത്തേക്ക് സിഎസ്‌കെ പ്രധാനമായും പരിഗണിക്കുന്നത് ഷാരൂഖ് ഖാന്‍ എന്ന താരത്തെയെന്നാണ് സൂചനകള്‍.
കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഷാരൂഖിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിച്ചിരുന്നു. എന്നാല്‍, പഞ്ചാബ് കിങ്സായിരുന്നു അന്ന് താരത്തെ സ്വന്തമാക്കിയത്. കൂടാതെ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പകരക്കാരനെയും ചെന്നൈയ്‌ക്ക് കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, പാറ്റ് കമ്മിന്‍സ് എന്നിവരില്‍ ആരെയെങ്കിലും സ്വന്തമാക്കാനും സിഎസ്കെ ശ്രമിച്ചേക്കും.
ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര പുതിയ സീസണിന് ഇറങ്ങുമ്പോള്‍ മികച്ച വിദേശ പേസറെയും ചെന്നൈയ്‌ക്ക് അത്യാവശ്യമാണ്. മറ്റെല്ലാ ടീമുകളെയും പോലെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വേണ്ടി ചെന്നൈയും ഉറപ്പായും രംഗത്തുണ്ടാകും. കൂടാതെ, ജോഷ് ഹെയ്‌സല്‍വുഡിനെ ടീമിലേക്ക് എത്തിക്കാനും സിഎസ്കെ മാനേജ്‌മെന്‍റ് ശ്രമിച്ചേക്കാം.
ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍ താരങ്ങളില്‍ മുന്‍ ചെന്നൈ താരം ശര്‍ദുല്‍ താക്കൂറിനെ തിരിച്ചെത്തിക്കാനും ശ്രമങ്ങള്‍ നടന്നേക്കാം. കൂടാതെ മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവര്‍ക്കായും ചെന്നൈ സൂപ്പര്‍ കിങ്സ് രംഗത്തിറങ്ങാന്‍ സാധ്യതകള്‍ ഏറെയാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍: എംഎസ് ധോണി, ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ഷെയ്ഖ് റാഷിദ്, രവീന്ദ്ര ജഡേജ, മിച്ചൽ സാന്‍റ്‌നർ, മൊയിൻ അലി, ശിവം ദുബെ, നിശാന്ത് സിന്ധു, അജയ് മണ്ഡല്‍, രാജ്‌വർധൻ ഹംഗാർഗെക്കർ, ദീപക് ചഹാർ, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, തുഷാർ ദേശ്‌പാണ്ഡെ, മതീഷ പതിരണ, സിമർജീത് സിങ്.
Also Read:പഴയ ക്യാപ്‌റ്റൻ തിരിച്ചുവന്നു, നിലവിലെ ക്യാപ്റ്റൻ വൈസ് ക്യാപ്റ്റനായി: ശ്രേയസ് അയ്യർ കെകെആറിന്‍റെ പുതിയ നായകൻ