ദുബായ്: ഐപിഎല്‍ 2024 മിനി താര ലേലത്തില്‍ വമ്പന്‍ നേട്ടം കൊയ്‌ത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്ലിലെ തന്നെ റെക്കോഡ് തുകയായ 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ കൂടാരത്തിലേക്ക് എത്തിച്ചത്. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad)
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ പോരാട്ടമണ് നടന്നത്. ഓസീസ് സൂപ്പര്‍ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു തുടക്കത്തില്‍ രംഗത്ത് ഉണ്ടായിരന്നത്. എന്നാല്‍ തുക 7 കോടി കടന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തി.
ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും ചെയ്‌തു. പിന്നീട് ബാംഗ്ലൂരും ഹൈദരാബാദും തമ്മിലായി പോരാട്ടം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മൂല്യമുള്ള താരമായി കമ്മിന്‍സ് മാറി. (Pat Cummins becomes the most expensive player in IPL history). കഴിഞ്ഞ ലേലത്തില്‍ 18.5 കോടി ലഭിച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോഡ് ഉണ്ടായിരുന്നത്.
അതേസമയം ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ രചിന്‍ രവീന്ദ്രയ്‌ക്കായി (Rachin Ravindra) വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടിയാണ് താരത്തിന് ലഭിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ ഡല്‍ഹി ക്യാപ്റ്റല്‍സും പിന്നീട് പഞ്ചാബ് കിങ്‌സും രചിനായി രംഗത്ത് ഉണ്ടായിരുന്നു. ശ്രീലങ്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടി.