ഹൈദരാബാദ് :കഴിഞ്ഞ ഐപിഎല്‍ സീസണിലെ ഒന്‍പതാം സ്ഥാനക്കാരാണ് ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals). 14 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം മാത്രമാണ് ഡല്‍ഹി അന്ന് നേടിയത്. ഈ തിരിച്ചടികളില്‍ നിന്നും കരകയറണം എന്ന് ഉറപ്പിച്ച് കൊണ്ടായിരിക്കും ഐപിഎല്‍ 2024ന് മുന്നോടിയായി വേണ്ട തയ്യാറെടുപ്പുകള്‍ ടീം നടത്തുന്നത്.
വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാള്‍ കളത്തിന് പുറത്തായിരുന്ന റിഷഭ് പന്ത് അടുത്ത സീസണില്‍ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നത് ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. പന്തിന്‍റെ വരവോടുകൂടി കഴിഞ്ഞ സീസണിലെ ടീമിന്‍റെ പ്രധാന ദൗര്‍ബല്യങ്ങളില്‍ ഒന്ന് മറികടക്കാന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍. ഇത് കൂടാതെ, പ്രകടമായ മറ്റ് ചില വിടവുകളും താരലേലത്തിലൂടെ ടീമിന് പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഡാരില്‍ മിച്ചല്‍, ഷാരൂഖ് ഖാന്‍, പാറ്റ് കമ്മിന്‍സ് ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തിന് എത്തുന്ന ഡല്‍ഹി കാപിറ്റല്‍സിന്‍റെ കൈവശമുള്ളത് 28.95 കോടി. ഈ തുക ഉപയോഗിച്ച് നാല് വിദേശികള്‍ ഉള്‍പ്പടെ ഒന്‍പത് താരങ്ങളെയാണ് ഡല്‍ഹിക്ക് സ്വന്തമാക്കേണ്ടത്. ഒരു വിദേശ ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, ഇന്ത്യന്‍ ഫിനിഷര്‍ എന്നീ റോളുകള്‍ ചെയ്യുന്ന താരങ്ങളെ സ്വന്തമാക്കുന്നതിലാകും ഡല്‍ഹി ശ്രദ്ധ കേന്ദ്രീകരിക്കുക.
ഡല്‍ഹിയുടെ പദ്ധതികളില്‍ ആരെല്ലാം...? (Delhi Capitals IPL Auction Strategy):ഐപിഎല്‍ മിനി താരലേലത്തിന് മുന്‍പ് കഴിഞ്ഞ വര്‍ഷത്തെ സ്ക്വാഡില്‍ ഉണ്ടായിരുന്ന 11 താരങ്ങളെയാണ് ഡല്‍ഹി കാപിറ്റല്‍സ് റിലീസ് ചെയ്‌തത്. എട്ട് ബാറ്റര്‍മാരെയും മൂന്ന് ബൗളര്‍മാരെയുമായിരുന്നു കാപിറ്റല്‍ ഒഴിവാക്കിയത്. ഇതില്‍ നിന്നും തന്നെ വ്യക്തമാണ് താരലേലത്തില്‍ ഏത് മേഖലയിലാകും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത്.
Also Read :പേപ്പറിലെ കരുത്ത് 'കപ്പ്' ആക്കാൻ കാശിറക്കണം, ലേലത്തില്‍ ആർസിബി എന്തിനും റെഡി...
താരലേലത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് നോട്ടമിടുന്ന വിദേശ ഓള്‍റൗണ്ടര്‍മാരില്‍ പ്രധാനികള്‍ ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചലും ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സും ആകാനാണ് സാധ്യത. അടുത്തിടെ കഴിഞ്ഞ ലോകകപ്പില്‍ ഉള്‍പ്പടെ ഇരുതാരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റിഷഭ് പന്തിന് ബാക്ക് അപ്പായി കെഎസ് ഭരതിനെയോ ഹര്‍വിക് ദേശായിയയോ ടീമിലേക്ക് എത്തിക്കാനാകും ഡല്‍ഹിയുടെ ശ്രമം. ഇന്ത്യന്‍ ഫിനിഷര്‍ റോളില്‍ ഷാരൂഖ് ഖാന് തന്നെയാകും ഡല്‍ഹിയിലും പ്രഥമ പരിഗണന.
ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍ :റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, യാഷ് ദുള്‍, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍, മിച്ചല്‍ മാര്‍ഷ്, ലളിത് യാദവ്, പ്രവീണ്‍ ദുബെ, വിക്കി ഒസ്‌ത്വാള്‍, ആൻറിച്ച് നോര്‍ക്യ, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍.