ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്‍റും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിലുള്ള ഭിന്നത. ഇതേ തുടര്‍ന്ന് താരം ടീം വിടുമെന്നുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെയും ചെന്നൈയുടെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അടുത്ത സീസണിലും സൂപ്പര്‍ കിങ്സില്‍ തുടരനാണ് സാധ്യത എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രവീന്ദ്ര ജഡേജയെ ഒഴിവാക്കുന്നതിനോട് എം എസ് ധോണി വിമുഖത കാണിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെപ്പോക്കിലെ ഹോം മത്സരങ്ങളിൽ ജഡേജയുടെ മൂല്യം പകരംവെക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിക്കില്ലെന്ന് ധോണി വിശ്വസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജഡേജയ്‌ക്ക് പകരക്കാരനായി അക്സര്‍ പട്ടേലിനെ ടീമിലെത്തിക്കാന്‍ മാനേജ്മെന്‍റ് പദ്ധതിയിടുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.