അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023ന്‍റെ സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മത്സരത്തിനിറങ്ങുമ്പോള്‍ ഒരു വമ്പന്‍ റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെ കാത്തിരിപ്പുണ്ട്. ഗുജാറാത്തിനെതിരെ 22 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നിര്‍ണായക നാഴികകല്ല് പിന്നിടാന്‍ 41കാരനായ ധോണിക്ക് കഴിയും.
ഇതോടെ ഐപിഎല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം കളിക്കാരനായും ധോണി മാറും. 2008-ൽ മുതല്‍ ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണുകളിലെല്ലാം കളിച്ച ധോണി ഇതേവരെ 4978 റണ്‍സാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. 234 മത്സരങ്ങളില്‍ നിന്നും 135.20 സ്‌ട്രൈക്ക് റേറ്റില്‍ 24 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് ചെന്നൈ നായകന്‍റെ പ്രകടനം.
ചെന്നൈക്ക് പുറമെ റൈസിങ് പൂനെ ജയന്‍റ്സിന്‍റെ കുപ്പായത്തിലും ധോണി കളിച്ചിട്ടുണ്ട്. കോഴ വിവാദത്തെ തുടര്‍ന്ന് 2013ല്‍ ചെന്നൈക്ക് വിലക്ക് ലഭിച്ചപ്പോഴായിരുന്നു ധോണി റൈസിങ് പൂനെ ജയന്‍റ്സിനായി കളിച്ചത്. പിന്നീട് 2018ല്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ ധോണിയും മടങ്ങിയെത്തി.
223 മത്സരങ്ങളില്‍ നിന്നും 6624 റണ്‍സ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റര്‍ വിരാട് കോലിയാണ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. അഞ്ച് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയുമുള്‍പ്പെടെയാണ് കോലിയുടെ റണ്‍വേട്ട. 206 മത്സരങ്ങളില്‍ നിന്നും 6244 റണ്‍സ് അടിച്ച് കൂട്ടിയ ശിഖര്‍ ധവാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ടൂര്‍ണമെന്‍റില്‍ 6000 റണ്‍സ് എന്ന നാഴികകല്ല് പിന്നിട്ട താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍ (162 മത്സരങ്ങള്‍ നിന്നും 5881 റണ്‍സ്), രോഹിത് ശര്‍മ (227 മത്സരങ്ങളില്‍ നിന്നും 5879 റണ്‍സ്), സുരേഷ് റെയ്‌ന (205 മത്സരങ്ങള്‍ നിന്നും 5528 റണ്‍സ്), എബി ഡിവില്ലിയേഴ്‌സ് (182 മത്സരങ്ങള്‍ നിന്നും 5162 റണ്‍സ്) എന്നിവരാണ് ധോണിക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.