ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ എക്കലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട പേരുകളാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്‍റെയും വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്‍റെയും. ഇപ്പോഴിതാ ഇരു താരങ്ങളെയും തങ്ങളുടെ ഹാൾ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തുന്നുവെന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി). ഇതിന്‍റെ ഭാഗമായി എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും ധരിച്ചിരുന്ന ജഴ്‌സി നമ്പറുകൾ എന്നെന്നേക്കുമായി പിന്‍വലിക്കുകയാണെന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് ഫ്രാഞ്ചൈസി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആര്‍സിബിയില്‍ 2011 മുതല്‍ 2021 വരെയുള്ള 11 സീസണുകളില്‍ 17-ാം നമ്പര്‍ ജഴ്‌സി ധരിച്ചായിരുന്നു ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നത്. ഫ്രാഞ്ചൈസിക്കായി 156 മത്സരങ്ങളില്‍ നിന്നും 4,491 റണ്‍സാണ് പ്രോട്ടീസ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 37 അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്‍റെ പ്രകടനം.
ഇതോടെ ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനും താരത്തിന് കഴിഞ്ഞിരുന്നു. മറുവശത്ത് 2011 മുതല്‍ 2017 വരെയുള്ള ഏഴ് സീസണുകളില്‍ 333 എന്ന ജഴ്‌സി നമ്പറിലായിരുന്നു ക്രിസ് ഗെയ്‌ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. 2013 സീസണില്‍ ആര്‍സിബിക്കായുള്ള ഗെയ്‌ലിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്.
16 മത്സരങ്ങളില്‍ നിന്നും 708 റണ്‍സാണ് ഗെയ്‌ല്‍ അടിച്ച് കൂട്ടിയത്. പുറത്താവാതെ നേടിയ 175 റണ്‍സ് ഉള്‍പ്പെടെയാണിത്. 2009-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഗെയ്‌ല്‍ ഐപിഎല്ലിനെത്തുന്നത്. പിന്നീട് ആര്‍സിബിയിലെത്തിയ താരം 2018ൽ പഞ്ചാബ് കിങ്‌സിലേക്ക് മാറി. പഞ്ചാബിനൊപ്പം നാല് സീസണുകളിലാണ് ഗെയ്‌ല്‍ കളിച്ചത്.