മുംബൈ: ഐപിഎല്‍ 2023 സീസണിലേക്ക് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുന്‍ താരമായിരുന്ന മലയാളി പേസര്‍ സന്ദീപ് വാര്യരെയാണ് മുംബൈ ഇന്ത്യന്‍സ് ജസ്‌പ്രീത് ബുംറയുടെ പകരക്കാരനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി അരങ്ങേറിയ 31കാരനായ സന്ദീപ് വാര്യര്‍ നിലവില്‍ തമിഴ്‌നാടിനായാണ് കളിക്കുന്നത്.
ഇന്ത്യയ്‌ക്കായി ഒരു ടി20 മത്സരം കളിച്ച സന്ദീപ് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സിനായും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ആകെ അഞ്ച് മത്സരങ്ങളിലാണ് താരം പന്തെറിഞ്ഞിട്ടുള്ളത്. രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കിയത്.
2013ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി അരങ്ങേറ്റം നടത്തിയ സന്ദീപ് വാര്യര്‍ 2020ലാണ് തമിഴ്‌നാട് ടീമിലേക്ക് മാറിയത്. ഇതുവരെ 68 ടി20 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളാണ് താരം നേടിയത്. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമാണ്. ഹൈദരാബാദിനായി 2017ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരം ഇതേവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപയ്‌ക്കാണ് കഴിഞ്ഞ ലേലത്തില്‍ താരത്തെ മുംബൈ ടീമിലെടുത്തത്. ഇപ്പോള്‍ സന്ദീപ് എത്തുന്നതോടെ ടീമിലെ മലയാളി സാന്നിധ്യം രണ്ടായി ഉയരും. ഏപ്രില്‍ രണ്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തോടെയാണ് മുംബൈ ഐപിഎല്ലിന്‍റെ പുതിയ സീസണിന് തുടക്കം കുറിക്കുന്നത്.
ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ജോഫ്ര ആർച്ചറാണ് ടീമിന്‍റെ പേസ് നിരയെ നയിക്കുക. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരത്തിന് തന്‍റെ മികവിന് ഒത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ജേസൺ ബെഹ്‌റൻഡ്രോഫാണ് ടീമിനെ മറ്റൊരു പേസര്‍. ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ബോളിങ് മികവിലും ടീമിന് പ്രതീക്ഷയുണ്ട്.