അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ജയം നേടി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ ഐപിഎല്‍ 2023 സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് വീഴ്‌ത്തിയത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ഗുജറാത്ത് ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.
ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനവും വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ ബാറ്റിങ്ങുമാണ് ഗുജറാത്തിനെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിലേക്കെത്തിച്ചത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം തന്നെ സമ്മാനിച്ചു. സ്‌കോര്‍ 37ല്‍ നില്‍ക്കെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമായി.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ശിവം ദൂബെയുടെ കൈകളിലെത്തിച്ച് യുവതാരം രാജ്‌വര്‍ധന്‍ ഹംഗര്‍ഗേകറാണ് ഗുജറാത്തിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. ഇംപാക്‌ട് പ്ലെയറിന്‍റെ റോളില്‍ മൂന്നാമനായി ക്രീസിലെത്തിയ യുവതാരം സായ് സുദര്‍ശനെ കൂട്ട് പിടിച്ച് ശുഭ്‌മാന്‍ ഗില്ലാണ് പിന്നീട് ആതിഥേയരുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
സ്‌കോര്‍ 90ല്‍ നില്‍ക്കെയാണ് ഗുജറാത്തിന് രണ്ടാം വിക്കറ്റ് നഷ്‌ടപ്പെട്ടത്. 17 പന്തില്‍ 22 റണ്‍സ് നേടിയ സായ് സുദര്‍ശനെ ഹംഗര്‍ഗേകര്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ നേരിട്ട 30-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ച്വറിയിലേക്കത്തി.
നാലാമനായി ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. എട്ട് റണ്‍സ് മാത്രം നേടിയ ഹാര്‍ദിക്കിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 12.3 ഓവറില്‍ 111ന് മൂന്ന് എന്ന നിലയിലായി ഗുജറാത്ത്.
സ്‌കോര്‍ 138ല്‍ എത്തി നില്‍ക്കെ ക്രീസില്‍ നിലയുറപ്പിച്ച് അനായാസം റണ്‍സുയര്‍ത്തിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റും ഗുജറാത്തിന് നഷ്‌ടമായി. 36 പന്ത് നേരിട്ട് 63 റണ്‍സ് നേടിയ ഗില്ലിനെ തുഷാര്‍ ദേശ്‌പാണ്ഡെ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ആദ്യം പതറുകയും പിന്നാലെ താളം കണ്ടെത്തുകയും ചെയ്‌ത വിജയ് ശങ്കറിനെ നഷ്‌ടപ്പെട്ടതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. 18-ാം ഓവറില്‍ സ്‌കോര്‍ 156ല്‍ നില്‍ക്കെയായിരുന്നു വിജയ് ശങ്കറിന്‍റെ മടക്കം. 21 പന്തില്‍ 27 റണ്‍സായിരുന്നു വിജയ് ശങ്കര്‍ നേടിയത്.