മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിന് മുന്നോടിയായി ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ട്രേഡ് ചെയ്‌ത് ഡൽഹി ക്യാപ്പിറ്റൽസ്. ഇതോടെ പുതിയ സീസണിൽ താരം കൊൽക്കത്തക്കായി കളിക്കും. ശാർദുലിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡൽഹി താരത്തെ കൊൽക്കത്തയ്‌ക്ക് കൈമാറുകയായിരുന്നു.
2022ലെ മെഗാലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് പുറത്തിറക്കിയ താരത്തെ 10.75 കോടി രൂപയ്ക്കാണ് ഡൽഹി സ്വന്തമാക്കിയത്. എന്നാൽ ലഭിച്ച പണത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ ശാർദുലിനായിരുന്നില്ല. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 9.79 എക്കോണമിയിൽ വെറും 15 വിക്കറ്റുകൾ മാത്രമാണ് താരത്തിന് വിഴാത്താനായത്. കൂടാതെ 120 റണ്‍സും സ്വന്തമാക്കിയിരുന്നു.
ശാർദുൽ താക്കൂർ പ്രതിനിധീകരിക്കുന്ന ആറാമത്തെ ഐപിഎൽ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, റൈസിംഗ് പൂനെ സൂപ്പർ ജയന്‍റസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയായിരുന്നു താരം മുൻപ് കളിച്ചിരുന്നത്.