കേരളം

kerala

ETV Bharat / sports

IPL 2023 | ഉദ്‌ഘാടന വെടി പൊട്ടിച്ച് റിതുരാജ് ; ചെന്നൈക്കെതിരെ ഗുജറാത്തിന് 179 റണ്‍സ് വിജയലക്ഷ്യം

റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ (50 പന്തിൽ 92) തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്

IPL 2023  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ 2023  Indian Premier League  ചെന്നൈ സൂപ്പർ കിങ്‌സ്  ഗുജറാത്ത് ടൈറ്റൻസ്  Chennai Super Kings  Gujarat Titans  ധോണി  Dhoni  റിതുരാജ് ഗെയ്‌ക്വാദ്  Ruturaj Gaikwad  CSK VS GT  റിതുരാജ്
CSK VS GT

By

Published : Mar 31, 2023, 9:40 PM IST

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 178 റണ്‍സ് നേടി. അർധ സെഞ്ച്വറി നേടിയ റിതുരാജ് ഗെയ്‌ക്‌വാദാണ് (50 പന്തിൽ 92) ചെന്നൈക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈക്ക് ഓപ്പണർ ഡെവൺ കോൺവെയെ (1) തുടക്കത്തിൽ തന്നെ നഷ്‌ടമായി. മത്സരത്തിന്‍റെ മൂന്നാം ഓവറിൽ തന്നെ കോൺവെയെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച റിതുരാജും, മൊയിൻ അലിയും ചേർന്ന് സ്‌കോർ ഉയർത്തി. റിതുരാജ് ആക്രമിച്ച് കളിച്ചപ്പോൾ മൊയിൻ അലി താരത്തിന് മികച്ച പിന്തുണയുമായി ക്രീസിൽ ഉറച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 5.5 ഓവറിൽ 50 കടത്തി.

എന്നാൽ തൊട്ടുപിന്നാലെ മൊയിൻ അലിയെയും ചെന്നൈക്ക് നഷ്‌ടമായി. 17 പന്തിൽ 4 ഫോറും ഒരു സിക്‌സും ഉൾപ്പടെ 23 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ബെൻ സ്റ്റോക്‌സിന് അധിക നേരം പിടിച്ച് നിൽക്കാനായില്ല. ഏഴ്‌ റണ്‍സെടുത്ത താരത്തെ റാഷിദ് ഖാൻ കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അതേസമയം വിക്കറ്റുകൾ പൊഴിയുമ്പോഴും ഒരു വശത്ത് ഗെയ്‌ക്‌വാദ് തകർത്തടിച്ചുകൊണ്ടിരുന്നു.

ഇതിനിടെ ക്രീസിലെത്തിയ അമ്പാട്ടി റായുഡുവും പെട്ടെന്ന് തന്നെ പുറത്തായി. 12 പന്തിൽ 12 റണ്‍സ് നേടിയ താരത്തെ ജോഷ്വ ലിറ്റിൽ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ശിവം ദുബെ ക്രീസിലെത്തി. ദുബെയെ കൂട്ടുപിടിച്ച് റിതുരാജ് ഗെയ്‌വാദ് സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി. ഇതിനിടെ ചെന്നൈ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗെയ്‌ക്‌വാദിനെ അൽസാരി ജോസഫ് പുറത്താക്കി.

സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തെ ജോസഫ് ശുഭ്‌മാൻ ഗില്ലിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. 50 പന്തിൽ ഒൻപത് സിക്‌സും നാല് ഫോറും ഉൾപ്പടെ 92 റണ്‍സായിരുന്നു ഗെയ്‌ക്‌വാദിന്‍റെ സമ്പാദ്യം. ഗെയ്‌ക്‌വാദിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയേയും (1) നിലയുറപ്പിക്കും മുന്നേ പുറത്താക്കി അൽസാരി ജോസഫ് ചെന്നൈക്ക് ഇരട്ട പ്രഹരം സമ്മാനിച്ചു.

പിന്നാലെ എംഎസ്‌ ധോണി ക്രീസിലെത്തി. എന്നാൽ ജഡേജയ്ക്ക്‌ പിന്നാലെ തൊട്ടടുത്ത ഓവറിൽ തന്നെ ശിവം ദുബെയേയും ചെന്നൈക്ക് നഷ്‌ടമായി. 18 പന്തിൽ 18 റണ്‍സ് നേടിയ താരത്തെ മുഹമ്മദ് ഷമി വിജയ് ശങ്കറിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മഹേന്ദ്ര സിങ് ധോണി 14 റണ്‍സുമായും മിച്ചൽ സാന്‍റ്നർ 1 റണ്‍സുമായും പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജോഷ്വ ലിറ്റിൽ ഒരു വിക്കറ്റും നേടി.

പ്ലെയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിംഗ്‌സ് :ഡെവൺ കോൺവെ, റിതുരാജ് ഗെയ്‌ക്‌വാദ്, ബെൻ സ്‌റ്റോക്‌സ്, അമ്പാട്ടി റായിഡു, മൊയിൻ അലി, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്‌റ്റൻ), രവീന്ദ്ര ജഡേജ, മിച്ചൽ സാന്‍റ്നർ, ദീപക് ചാഹർ, രാജ്‌വര്‍ധന്‍ ഹംഗാർഗേക്കർ.

ഗുജറാത്ത് ടൈറ്റൻസ് :ഹാർദിക് പാണ്ഡ്യ(ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.

ABOUT THE AUTHOR

...view details