കേരളം

kerala

ETV Bharat / sports

IPL 2023 : കരുത്തരുടെ നിര, നയിക്കാൻ ധോണിയും ; അഞ്ചാം കിരീടം ഉറപ്പിക്കാൻ തലയും പിള്ളേരും - Indian Premier League

മൂന്ന് വർഷങ്ങൾക്ക് ശേഷം ചെന്നൈയുടെ മണ്ണിൽ ഐപിഎൽ കളിക്കാനെത്തുന്ന ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.

ചെന്നൈ സൂപ്പർ കിങ്‌സ്  സിഎസ്‌കെ  CSK  Chennai Super Kings  ധോണി  എംഎസ്‌ ധോണി  MS Dhoni  Dhoni  ചെന്നൈ  ജഡേജ  ബെൻ സ്റ്റോക്‌സ്  IPL 2023  ഐപിഎൽ 2023  ഇന്ത്യൻ പ്രീമിയർ ലീഗ് 2023  Indian Premier League  IPL 2023 CHENNAI SUPER KINGS TEAM PREVIEW
അഞ്ചാം കിരീടം ഉറപ്പിക്കാൻ തലയും പിള്ളേരും

By

Published : Mar 30, 2023, 6:29 PM IST

മൂന്ന് വർഷങ്ങൾക്ക് ശേഷം ചെന്നൈയുടെ മണ്ണിൽ, ധോണിയുടെ അവസാന ഐപിഎൽ, കഴിഞ്ഞ തവണത്തെ തോൽവിയുടെ നാണക്കേട്, എല്ലാം കൊണ്ടും കപ്പ് മാത്രം ലക്ഷ്യമിട്ട് രണ്ടും കൽപ്പിച്ചാണ് തലയും പിള്ളേരും ഇത്തവണത്തെ ഐപിഎല്ലിനെത്തിയിരിക്കുന്നത്. നാളെ ഐപിഎൽ 2023 സീസണിന്‍റെ ഉത്ഘാടന മത്സരത്തിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിക്കാനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യംവയ്‌ക്കുന്നില്ല.

കൊവിഡിൽ മുങ്ങിപ്പോയ മൂന്ന് വർഷങ്ങൾക്കിപ്പുറം ചെന്നൈയുടെ മണ്ണിൽ ചെന്നൈയുടെ രാജാക്കൻമാർ എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. നായകൻ ധോണിയുടെ അവസാന ഐപിഎല്ലാകും ഇതെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ തങ്ങളുടെ സ്വന്തം തലയുടെ ബാറ്റിൽ നിന്ന് പിറക്കുന്ന ഹെലികോപ്‌ടറുകൾ സ്റ്റേഡിയത്തിന് പുറത്തേക്ക് പറക്കുന്ന കാഴ്‌ചകൾക്കായി കാത്തിരിക്കുകയാണ് അവർ ഓരോരുത്തരും.

2021ലെ ഐപിഎൽ ചാമ്പ്യൻമാർ എന്ന ഖ്യാതിയോടെ 2022 സീസണിൽ എത്തിയ ചെന്നൈക്ക് പക്ഷേ തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. സ്ഥിരം നായകനായിരുന്ന ധോണിക്ക് പകരം ജഡേജയെ നായകനക്കിയപ്പോൾ ടീമിന്‍റെ പ്രകടനത്തെയും അത് കാര്യമായി ബാധിച്ചു. തുടർ തോൽവികളിൽ ടീം നട്ടം തിരിഞ്ഞു. ഒടുവിൽ ധോണി ജഡേജയിൽ നിന്ന് നായക കുപ്പായം ഏറ്റെടുത്തെങ്കിലും ടീമിനെ കരകയറ്റാനായില്ല. സീസണിൽ 9-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായിരുന്നു ചെന്നൈയുടെ വിധി.

ചെന്നൈ എന്നാൽ ധോണി :ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ചെന്നൈയുടെ നട്ടെല്ല്. ഐപിഎല്ലിന്‍റെ തുടക്കം മുതൽ തന്നെ ചെന്നൈയുടെ നായകനായ ധോണിയുടെ അവസാന ഐപിഎല്ലാകും ഇതെന്ന അഭ്യൂഹങ്ങൾ ശക്‌തമാണ്. വയസ് 41 പിന്നിട്ടെങ്കിലും യുവ താരങ്ങളേക്കാൾ ഫിറ്റ്നസിലും ഫോമിലും തുടരുന്ന ധോണിക്ക് ഇനിയും വർഷങ്ങള്‍ കളത്തിൽ തുടരാനാകുമെന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്.

ചെന്നൈയിൽ തന്‍റെ ആരാധകർക്ക് മുന്നിലായിരിക്കും തന്‍റെ അവസാന മത്സരം എന്ന് ധോണി വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം സൂപ്പർ കിങ്സ് ചെന്നൈയിലേക്ക് എത്തുമ്പോൾ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തേകുന്നത്. എന്നാൽ തങ്ങളുടെ തല ഈ സീസണിന് ശേഷവും ചെന്നൈക്കായി ബാറ്റ് വീശുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിൽ പോലും ഇന്ന് ഏറ്റവും അധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ധോണി. ചെന്നൈയിലെന്നല്ല എത് മൈതാനത്ത് കളിച്ചാലും ഗ്യാലറി മഞ്ഞക്കടലാകുന്നതിന്‍റെ കാരണവും ധോണി എന്ന ഒറ്റ പേര് തന്നെയാണ്. എത് മൈതാനവും ധോണിക്ക് ഹോം ഗ്രൗണ്ടാണെന്ന വസ്‌തുത എതിർ ടീമുകൾ പോലും അംഗീകരിക്കുന്ന ഒന്നാണ്. ഈ പിന്തുണ നാളെ ഗുജറാത്തിലും ചെന്നൈക്ക് ലഭിക്കുമെന്നതും തീർച്ചയാണ്.

ശക്‌തരുടെ നിര : കരുത്തുറ്റ ടീമുമായാണ് ചെന്നൈ ഇത്തവണ ഐപിഎല്ലിനെത്തുന്നത്. ലേലത്തിൽ ഇംഗ്ലണ്ട് സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ 16.5 കോടിക്കാണ് ചെന്നൈ തട്ടകത്തിലെത്തിച്ചത്. സ്റ്റോക്‌സിന്‍റെ സാന്നിധ്യം ടീമിനെ കൂടുതൽ അപകടകാരികളാക്കുന്നുണ്ട്. ശക്‌തമായ ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈയുടെ മറ്റൊരു കരുത്ത്. ന്യൂസിലൻഡിന്‍റെ ഡെവൺ കോണ്‍വേയ്‌ക്കൊപ്പം റിതുരാജ് ഗെയ്‌ക്‌വാദ് കൂടി ചേരുന്നതോടെ ഓപ്പണിങ് ശക്‌തം.

പിന്നാലെ അമ്പാട്ടി റായുഡു, മൊയിൻ അലി, ബെൻ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവർ കൂടി ചേരുന്നതോടെ ഏത് ലോകോത്തര ബോളർമാരും വിറയ്‌ക്കുന്ന കരുത്തായി ചെന്നൈ ബാറ്റിങ് നിര മാറും. ബോളർമാരിൽ രവീന്ദ്ര ജഡേജയും, മഹീഷ്‌ തീക്ഷണയും, ദീപക് ചാഹറും, ഡ്വെയ്ൻ പ്രിട്ടോറിയസും, മുകേഷ് ചൗധരിയും കരുത്തരായ ബാറ്റർമാരെ ഒതുക്കാൻ കഴിവുള്ളവരാണ്.

എന്തിനും പോന്ന ജഡേജ : മികച്ച ഒരുപിടി ഓൾറൗണ്ടർമാരാണ് ചെന്നൈയുടെ കരുത്ത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ കീ പ്ലെയർ. ബാറ്റിങ്ങിലും, ബോളിങ്ങിലും, ഫീൽഡിങ്ങിലും ഒരുപോലെ കരുത്തനാണ് ജഡേജ. കഴിഞ്ഞ തവണ ക്യാപ്‌റ്റന്‍സിയുടെ സമ്മർദത്താൽ ജഡേജയ്‌ക്ക് കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ താരം തകർക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

രവീന്ദ്ര ജഡേജയെക്കൂടാതെ ബെൻ സ്റ്റോക്‌സ്, മൊയിൻ അലി, ശിവം ദുബെ, ദീപക് ചാഹർ എന്നിവർ ബാറ്റ് കൊണ്ടും ബോളുകൊണ്ടും വിസ്‌മയം തീർക്കാൻ കഴിവുള്ളവരാണ്. പരിക്ക്‌ മൂലം ബെൻ സ്റ്റോക്‌സ് പന്തെറിയില്ല എന്ന അറിയിപ്പുകൾ വന്നെങ്കിലും ബോളിങ്ങിലും സ്റ്റോക്‌സിന്‍റെ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.

ചെന്നൈ സൂപ്പർ കിംഗ്‌സ് സ്‌ക്വാഡ് :എം.എസ് ധോണി (ക്യാപ്‌റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, ബെൻ സ്റ്റോക്‌സ്, സുബ്രംശു സേനാപതി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗേക്കർ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്‍റ്നർ, മഹേഷ് തീക്ഷണ, പ്രശാന്ത് സോളങ്കി, ദീപക് ചഹാർ, മുകേഷ് ചൗധരി, സിമർജീത് സിങ്, തുഷാർ ദേശ്‌പാണ്ഡെ, മതീശ പതിരണ, ഷെയ്‌ക് റഷീദ്, സിസന്ദ മഗല, നിഷാന്ത് സിന്ധു, അജയ് മണ്ഡല്‍, ഭഗത് വർമ.

ചെന്നൈ സൂപ്പർ കിങ്‌സ് മത്സര ക്രമം:

  • മാർച്ച് 31- ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിങ്‌സ് (അഹമ്മദാബാദ് - 7:30PM)
  • ഏപ്രിൽ 3 - ചെന്നൈ സൂപ്പർ കിങ്‌സ് vs ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (ചെന്നൈ - 7:30PM)
  • ഏപ്രിൽ 8 - മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്‌സ് (മുംബൈ - 7:30PM)
  • ഏപ്രിൽ 12 - ചെന്നൈ സൂപ്പർ കിങ്‌സ് vs രാജസ്ഥാൻ റോയൽസ് (ചെന്നൈ - 7:30PM)
  • ഏപ്രിൽ 17 - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ചെന്നൈ സൂപ്പർ കിങ്‌സ് (ബെംഗളൂരു - 7:30PM)
  • ഏപ്രിൽ 21 - ചെന്നൈ സൂപ്പർ കിങ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (ചെന്നൈ - 7:30PM)
  • ഏപ്രിൽ 23 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ചെന്നൈ സൂപ്പർ കിങ്‌സ് (കൊൽക്കത്ത - 7:30PM)
  • ഏപ്രിൽ 27 - രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിങ്‌സ് (ജയ്‌പൂർ - 7:30PM)
  • ഏപ്രിൽ 30 - ചെന്നൈ സൂപ്പർ കിങ്‌സ് vs പഞ്ചാബ് കിങ്‌സ് (ചെന്നൈ - 3:30PM)
  • മെയ് 4 - ലക്‌നൗ സൂപ്പർ ജയന്‍റ്‌സ് vs ചെന്നൈ സൂപ്പർ കിങ്‌സ് (ലഖ്‌നൗ - 3:30 PM)
  • മെയ് 6 - ചെന്നൈ സൂപ്പർ കിങ്‌സ് vs മുംബൈ ഇന്ത്യൻസ് (ചെന്നൈ - 3:30PM)
  • മെയ് 10 - ചെന്നൈ സൂപ്പർ കിങ്‌സ് vs ഡൽഹി ക്യാപിറ്റൽസ് (ചെന്നൈ - 7:30PM)
  • മെയ് 14 - ചെന്നൈ സൂപ്പർ കിങ്‌സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (ചെന്നൈ - 7:30PM)
  • മെയ് 20 - ഡൽഹി ക്യാപിറ്റൽസ് vs ചെന്നൈ സൂപ്പർ കിങ്‌സ് (ഡൽഹി - 3:30 PM)

ABOUT THE AUTHOR

...view details