മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാം സീസണ്‍ മാർച്ച് 26 ന് ആരംഭിക്കും. 10 ടീമുകൾ ഉൾപ്പടുന്ന ടൂർണമെന്‍റിൽ 70 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉൾപ്പടെ ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മേയ് 29 നാണ് ഫൈനൽ.
മുംബൈ, പൂനെ എന്നിവിടുങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലുമാകും നടത്തുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പിന്നീട് തീരുമാനിക്കും.
മത്സരം രണ്ട് ഗ്രൂപ്പുകളായി
അഞ്ച് ടീമുകൾ വീതം ഉൾപ്പെട്ട എ, ബി ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളാണ് എ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.
നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ഗുജറാത്തി ടൈറ്റൻസ് എന്നിവരാണ് ബി ഗ്രൂപ്പിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചത്.
ALSO READ:യുദ്ധം വേണ്ട; സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം, യുക്രൈന് ഐക്യദാർഢ്യം
പ്രാഥമിക റൗണ്ടിൽ 14 മത്സരങ്ങൾ വീതമാണ് ഓരോ ടീമുകൾക്കും ലഭിക്കുക. ഗ്രൂപ്പിലുള്ള ടീമുകൾ തമ്മിൽ പരസ്‌പരം രണ്ട് മത്സരങ്ങൾ വീതം കളിക്കും. കൂടാതെ എതിർ ടീമിൽ ഒരേ റാങ്കിലുള്ള ടീമിനോട് രണ്ട് വീതം മത്സരങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരങ്ങളും കളിക്കും.
മത്സരത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ലീഗിന്‍റെ ആദ്യ ആഴ്‌ചകളിൽ 50 ശതമാനവും പിന്നീട് 75 ശതമാനവും കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഇതിൽ സംസ്ഥാന സർക്കാരിന്‍റെയും നിർദേശം തേടും.