മുംബൈ : ഐപിഎൽ 15ാം സീസണിലെ മികച്ച കണ്ടെത്തലുകളിലൊരൊളാണ് മുംബൈ ഇന്ത്യൻസിന്‍റെ യുവ ബാറ്റര്‍ തിലക് വർമ. സീസണില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ തിലക് ഒമ്പത് മത്സരങ്ങളില്‍ 307 റൺസ് നേടിയിട്ടുണ്ട്. ടീം തുടര്‍ തോല്‍വികളുടെ വഴിയിലായിരുന്നുവെങ്കിലും തിലക് മികച്ചുനിന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും ക്യാപ് ലഭിച്ചതാണ് മികച്ച പ്രകടനം നടത്താനുള്ള ആത്മവിശ്വാസം നൽകിയതെന്നാണ് തിലക് പറയുന്നത്. "എനിക്ക് എപ്പോഴും രോഹിത് ഭായിയെ ഇഷ്ടമായിരുന്നു, അദ്ദേഹത്തിൽ നിന്ന് ക്യാപ് ലഭിച്ചത് എന്നെ ശരിക്കും ഉത്തേജിപ്പിക്കുകയും, ആത്മവിശ്വാസം നൽകുകയും ചെയ്തു" - തിലക് മുംബൈ ഇന്ത്യന്‍സ് ഡോട്‌കോമിനോട് പറഞ്ഞു.
മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാണ് രോഹിത് നല്‍കിയ ഉപദേശമെന്നും തിലക് വിശദീകരിച്ചു. ''ഒരു സാഹചര്യത്തിലും സമ്മർദത്തിന് അടിപ്പെടരുതെന്നാണ് അദ്ദേഹം (രോഹിത്) എന്നോട് നിരന്തരം പറയുന്നത്, നിങ്ങൾ ഗെയിം എങ്ങനെ ആസ്വദിക്കുകയും കളിക്കുകയും ചെയ്യുന്നുവോ, ആ രീതിയിൽ തുടരുക'' - രോഹിത് പറഞ്ഞതായി തിലക് കൂട്ടിച്ചേര്‍ത്തു.