മുംബൈ: ഐപിഎല്ലിന്‍റെ ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള പോരാട്ടം. ആദ്യം ബാറ്റ് ചെയ്‌ത് ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് റണ്‍സ് അകലെയാണ് വീണത്. അവസാന ഓവറുകളില്‍ ആളിക്കത്തിയ റിങ്കു സിങ്ങിന്‍റെ പുറത്താകലാണ് കൊല്‍ക്കത്തയുടെ വിധി നിര്‍ണയിച്ചത്.
15 പന്തില്‍ 40 റണ്‍സെടുത്ത താരത്തെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിൻ ലൂയിസാണ് പുറത്താക്കിയത്. സീസണില്‍ നേരത്തേയും കൊല്‍ക്കത്തയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങുമ്പോളും, റിങ്കു സിങ്ങിനെക്കുറിച്ച് അധികമാരും അറിയാത്ത കഥയുണ്ട്. പ്രതിസന്ധികളോട് പൊരുതി സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ബാറ്റ് വീശിയ 24കാരന്‍റെ കഥ.
രണ്ട് മുറി വീട്ടില്‍ താമസം: മാതാപിതാക്കളും നാല് സഹോദരങ്ങളും അടങ്ങിയതാണ് ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ റിങ്കുവിന്‍റെ കുടുംബം. ലഖ്‌നൗവിലെ എൽപിജി ഗ്യാസ് ഏജൻസിയിൽ സിലണ്ടര്‍ വിതരണക്കാരനായ അച്ഛന്‍ ഖാൻചന്ദ്രയുടെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഏജൻസിയുടെ തന്നെ സ്റ്റോറേജ് കോമ്പൗണ്ടിനുള്ളിലെ രണ്ട് ചെറിയ മുറികളിലുള്ള വീട്ടിലായിരുന്നു താമസം.
സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് എന്ന സ്വപ്‌നം റിങ്കു മനസില്‍ സൂക്ഷിച്ചിരുന്നു. വലിയ തുക മുടക്കി ക്രിക്കറ്റ് പരിശീലനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ പ്രകടന മികവ് കൊണ്ട് ജൂനിയർ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍ റിങ്കുവിന് അവസരം ലഭിച്ചു.