മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 129 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ നാല് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് വിജയം പിടിച്ചത്. സീസണില്‍ ബാംഗ്ലൂരിന്‍റെ ആദ്യ ജയവും കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയുമാണിത്.
സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ്- 128/10 (18.5), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- 132-7( 19.2).ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഇരുടീമുകളുടെയും ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 40 പന്തില്‍ 28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.
ഷഹബാസ് അഹമ്മദ് (20 പന്തില്‍ 27), ഡേവിഡ് വില്ലി (28 പന്തില്‍ 18) എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകള്‍. ദിനേഷ് കാര്‍ത്തിക് (7 പന്തില്‍ 14), ഹര്‍ഷാല്‍ പട്ടേല്‍ (6 പന്തില്‍ 10) എന്നിവരാണ് പുറത്താവാതെ നിന്ന് കൊല്‍ക്കത്തയുടെ വിജയം ഉറപ്പിച്ചത്. ഫാഫ് ഡുപ്ലെസിസ് (4 പന്തില്‍ 5), അനൂജ് റാവത്ത് (2 പന്തില്‍ 0), വിരാട് കോലി (7 പന്തില്‍ 12), വാനിന്ദു ഹസരങ്ക (3 പന്തില്‍ 4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
കൊല്‍ക്കത്തക്കായി ടിം സൗത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്നും, ഉമേഷ് യാദവ് 16 റണ്‍സ് മാത്രം വഴങ്ങി രണ്ടും വിക്കറ്റെടുത്തു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത സുനില്‍ നരെയ്‌ന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.