മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 171 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്‌ടത്തിലാണ് 170 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി, രജത് പടിദാര്‍ എന്നിവരുടെ പ്രകടനമാണ് ബാഗ്ലൂരിന് തുണയായത്.
രജത് പടിദാര്‍ 32 പന്തില്‍ 52 റണ്‍സും, കോലി 53 പന്തില്‍ 58 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ 99 റണ്‍സാണ് കോലി- പടിദാര്‍ സഖ്യം ബാംഗ്ലൂര്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. 18 പന്തില്‍ 33 റണ്‍സെടുത്ത മാക്‌സ്‌വെലും, 8 പന്തില്‍ 16 റണ്‍സെടുത്ത മഹിപാൽ ലോംറോറും സ്കോർ ഉയർത്തുന്നതില്‍ നിര്‍ണായകമായി.
ഡുപ്ലെസിസ് (0), ദിനേഷ് കാര്‍ത്തിക് (2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഷഹബാദ് അഹമ്മദ് (2) പുറത്താവാതെ നിന്നു. ഗുജറാത്തിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാങ്‌വാന്‍ തിളങ്ങി. റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഗുജറാത്തിനെ ബൗളിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹര്‍ദിക് നയിക്കുന്ന ഗുജറാത്ത് കളിക്കുന്നത്. യഷ് ദയാലിന് പകരം പ്രദീപ് സാങ്‌വാനും അഭിനവ് മനോഹറിന് പകരം സായ് സുദര്‍ശനും ടീമിലെത്തി. മറുവശത്ത് ബാംഗ്ലൂര്‍ നിരയില്‍ ഒരുമാറ്റമുണ്ട്. മഹിപാല്‍ ലോംറോര്‍ ടീമിലെത്തിയപ്പോള്‍ സുയഷ് പ്രഭുദേശായിയാണ് പുറത്തായത്.