കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് രജത് പടിദാര്‍. സെഞ്ചുറി പ്രകടനത്തോടെയാണ് രജത് പടിദാര്‍ ബാംഗ്ലൂരിന്‍റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ അപൂര്‍വ റെക്കോഡും സ്വന്തം പേരിലാക്കാന്‍ പടിദാറിന് കഴിഞ്ഞു.
ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്പ്ഡ് താരമെന്ന അപൂര്‍വ റെക്കോഡുള്‍പ്പെടെയാണ് രജത് പടിദാര്‍ സ്വന്തം പേരിലാക്കിയത്. 54 പന്തില്‍ 12 ഫോറും ഏഴു സിക്‌സും സഹിതം 112 റണ്‍സോടെ താരം പുറത്താവാതെ നിന്നിരുന്നു. ഐപിഎല്‍ നോക്കൗട്ടില്‍ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
2014ലെ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൊല്‍ക്കത്ത താരമായിരുന്ന മനീഷ് പാണ്ഡെ നേടിയ 94 റണ്‍സിനെയാണ് പടിദാര്‍ മറികടന്നത്. ഐപിഎല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കിയിട്ടുണ്ട്. മനീഷ് പാണ്ഡെ (2009), പോള്‍ വാല്‍ത്താട്ടി (2011), ദേവ്ദത്ത് പടിക്കല്‍ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.
കൂടാതെ ഐപിഎല്‍ നോക്കൗട്ടില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് രജത്. മുരളി വിജയ് (2012), വീരേന്ദര്‍ സെവാഗ് (2014), വൃദ്ധിമാന്‍ സാഹ (2014), ഷെയ്ന്‍ വാട്‌സണ്‍ (2018) എന്നിവരാണ് മുന്നിലുള്ളത്. അതേസമയം ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും വാങ്ങാതിരുന്ന രജത് ഒടുവില്‍ ലുവ്‌നിത് സിസോദിയക്ക് പകരക്കാരനായാണ് ബാംഗ്ലൂരിലെത്തുന്നത്.
also read: ഡയമണ്ട് ലീഗിന് മുന്നോടിയായി പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക്
സീസണിലെ വേഗമേറിയ സെഞ്ചുറി:49 പന്തുകളില്‍ നിന്നാണ് രജത് നൂറ് തികച്ചത്. സീസണില്‍ ഏറ്റവും വേഗം കൂടിയ സെഞ്ചുറി കൂടിയാണിത്. നേരത്തെ 56 പന്തുകളില്‍ നിന്നും നൂറ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ നേട്ടത്തെയാണ് ഈ പ്രകടനത്തോടെ പടിദാര്‍ മറികടന്നത്.
മത്സരത്തില്‍ 14 റണ്‍സിനാണ് ബാംഗ്ലൂര്‍ ജയിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗവിന്‍റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. ഇതോടെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാന്‍ ബാംഗ്ലൂരിനായി. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സാണ് ബാംഗ്ലൂരിന്‍റെ എതിരാളി.