കേരളം

kerala

By

Published : May 16, 2022, 6:35 AM IST

ETV Bharat / sports

IPL 2022: ലഖ്‌നൗവിനെ തകര്‍ത്തു; സഞ്‌ജുവും സംഘവും പ്ലേ ഓഫിനരികെ

ലഖ്‌നൗവിനെതിരെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 24 റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ ജയം.

IPL 2022  rajasthan royals vs lucknow super giants  rajasthan royals  lucknow super giants  IPL 2022 highlights  രാജസ്ഥാന്‍ റോയല്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
IPL 2022: ലഖ്‌നൗവിനെ തകര്‍ത്തു; സഞ്‌ജുവും സംഘവും പ്ലേ ഓഫിനരികെ

മുംബൈ: ഐപിഎല്‍ പ്ലേ ഓഫിനരികെ രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയാണ് സഞ്‌ജുവും സംഘവും തോല്‍പ്പിച്ചത്. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 24 റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ ജയം.

ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 39 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 59 റണ്‍സെടുത്ത ദീപക്‌ ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍.

മാര്‍ക്കസ് സ്റ്റോയ്‌നിസ് 27 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 25 റണ്‍സുമെടുത്തു. ക്വിന്‍റൺ ഡി കോക്ക് (7), കെ എൽ രാഹുൽ (10), ആയുഷ് ബദോണി(0), ജേസൺ ഹോൾഡർ (1), ദുഷ്‌മന്ത ചമീര (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മൊഹ്‌സിൻ ഖാൻ(9), ആവേശ് ഖാൻ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

രാജസ്ഥാനായി ട്രെന്‍റ്‌ ബോള്‍ട്ട് നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഒരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാള്‍ (29 പന്തില്‍ 41), ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39), സഞ്ജു സാംസണ്‍ (24 പന്തില്‍ 32) എന്നിവരുടെ പ്രകടനമാണ് തുണയായത്. ജോസ് ബട്‌ലര്‍ (2), റിയാന്‍ പരാഗ് (19), ജിമ്മി നീഷാം (14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ നേട്ടം. ട്രെന്‍റ് ബോള്‍ട്ട് (17), ആര്‍ അശ്വിന്‍ (10) എന്നിവര്‍ പുറത്താവാതെ നിന്നു.

ലഖ്‌നൗവിനു വേണ്ടി എട്ട് താരങ്ങളാണ് പന്തെറിയാനെത്തിയത്. രവി ബിഷ്ണോയി രണ്ട് വിക്കറ്റും ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ജയത്തോടെ രാജസ്ഥാാനും ലഖ്‌നൗവിനും 13 മത്സരങ്ങളില്‍ 16 പോയിന്റായി. എന്നാല്‍ മികച്ച റണ്‍ റേറ്റിന്‍റ അടിസ്ഥാനത്തില്‍ രാജസ്ഥാനാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാമത്. തങ്ങളുടെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുമ്പോള്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ലഖ്‌നൗവിന്റെ എതിരാളി.

ABOUT THE AUTHOR

...view details