മുംബൈ : രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ഷിമ്രോൺ ഹെറ്റ്‌മെയർ നാട്ടിലേക്ക് മടങ്ങി. ഐപിഎല്ലിന്‍റെ ആദ്യപകുതി പുരോഗമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് ഹെറ്റ്‌മെയർ സ്വദേശമായ ഗയാനയിലേക്ക് മടങ്ങിയത്. തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനനത്തിനായാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്ന് ഫ്രാഞ്ചൈസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
വൈകാതെ തന്നെ ഹെറ്റ്‌മെയർ തിരിച്ചെത്തുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടുണ്ട്. ടീമംഗങ്ങളോട് ഹെറ്റ്‌മെയര്‍ യാത്ര പറയുന്ന ഒരു വീഡിയോയും രാജസ്ഥാന്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതിന് ശേഷം താൻ വൈകാതെ മടങ്ങിയെത്തുമെന്ന് ഈ വീഡിയോയില്‍ താരം ആരാധകരോടായി പറയുന്നുണ്ട്.
സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടമാണ് മധ്യനിര ബാറ്റര്‍ കാഴ്‌ചവയ്‌ക്കുന്നത്. 11 ഇന്നിങ്സുകളില്‍ നിന്ന് 72.75 ശരാശരിയിലും 166.28 സ്‌ട്രൈക്ക് റേറ്റിലും 291 റൺസാണ് താരം അടിച്ച് കൂട്ടിയത്. ഹെറ്റ്‌മെയറിന്‍റെ അഭാവത്തിൽ, ജെയിംസ് നീഷാം, റാസി വാൻ ഡെർ ഡസ്സെന്‍, ഡാരിൽ മിച്ചൽ എന്നിവരിൽ ഒരാള്‍ ടീമിലെത്തും.
also read:'ഗാംഗുലി രാഷ്‌ട്രീയത്തിലിറങ്ങിയാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും' ; അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി ഭാര്യ ഡോണ
അതേസമയം കളിച്ച 11 മത്സരങ്ങളില്‍ ഏഴ് ജയമുള്ള രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെയാണ് സംഘം പരാജയപ്പെടുത്തിയത്. പഞ്ചാബിന്‍റെ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശ്വസി ജെയ്‌സ്വാളാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്.