മുംബൈ : ഐപിഎല്ലില്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഓസീസിന്‍റെ പേസ് ഓള്‍റൗണ്ടര്‍ നേഥന്‍ കൂള്‍ട്ടര്‍ നൈല്‍ ചികിത്സയ്‌ക്കായി നാട്ടിലേക്ക് മടങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ മത്സരത്തിലാണ് കൂൾട്ടർ നൈലിന് പരിക്കേറ്റത്.
പേശീവേദന അനുഭവപ്പെട്ട താരം മത്സരം പൂര്‍ത്തിയാക്കാതെ തിരിച്ച് കയറിയിരുന്നു. തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തിനും കൂൾട്ടർ നൈല്‍ ഇറങ്ങിയിരുന്നില്ല. മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്‌ക്കാണ് കൂൾട്ടർ നൈലിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്.
താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയന്ന് ആശംസിച്ച് രാജസ്ഥാന്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. "നിർഭാഗ്യവശാൽ, അദ്ദേഹത്തോട് വിടപറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ടീമില്‍ നിന്നും ആരെയെങ്കിലും നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് പരിക്കുമൂലം അത് സംഭവിക്കുമ്പോൾ" രാജസ്ഥാന്‍റെ ഹെഡ് ഫിസിയോ ജോൺ ഗ്ലോസ്റ്റർ പറഞ്ഞു.
also read: തായ്‌ലൻഡ് ഓപ്പൺ : ആശിഷ് കുമാറടക്കം ഇന്ത്യയുടെ നാല് ബോക്‌സര്‍മാര്‍ ഫൈനലില്‍
നിലവില്‍ കൂൾട്ടർ നൈലിന്‍റെ പകരക്കാരനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അവസാനം കളിച്ച മത്സരത്തില്‍ രാജസ്ഥാന്‍ ബാംഗ്ലൂരിനോട് തോറ്റിരുന്നു. രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ബാംഗ്ലൂർ മറികടന്നത്.