അഹമ്മദാബാദ് : രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയെന്ന് ടീം ഡയറക്‌ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാര. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുന്നതിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഗക്കാര രാജസ്ഥാന്‍ ക്യാപ്റ്റനെ പ്രശംസിച്ചത്. ഐപിഎല്‍ സീസണില്‍ ക്യാപ്റ്റൻ, വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ എന്നീ മൂന്ന് റോളുകളും മികച്ച രീതിയില്‍ സഞ്‌ജുവിന് കൈകാര്യം ചെയ്യാനായെന്നും സംഗക്കാര പറഞ്ഞു.
'കഠിനമായ സാഹചര്യങ്ങളിലാണ് കഴിഞ്ഞ സീസണ്‍ സഞ്‌ജു തുടങ്ങിയത്. ഒരു യുവ നിരയെയാണ് സഞ്ജുവിന് ലഭിച്ചത്. കൊവിഡ് ബബിളില്‍ കഴിയുന്നതിന്‍റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
എന്നാൽ അവൻ ശരിക്കും തന്‍റെ റോളിലേക്ക് വളർന്നു. വളരെ സംയമനം പാലിക്കുന്ന, മൃദുഭാഷിയായ വ്യക്തിയാണ് സഞ്‌ജു. ബാറ്റിങ്ങില്‍ അസാധാരണ കഴിവ് സഞ്ജുവിനുണ്ട്' - സംഗക്കാര പറഞ്ഞു.