മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തിളക്കം. അവസാന ഓവറിൽ വിജയം മാറിമറഞ്ഞ മത്സരത്തിൽ 15 റൺസിനാണ് റോയൽസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സാണ് നേടാനായത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണറർമാരായ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെും ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ധസെഞ്ചുറിയുടെയും അവസാന ഓവറുകളിൽ തകർത്തടിച്ച നായകൻ സഞ്ജു സാംസണിന്‍റെയും മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സെടുത്തത്. ബട്‌ലര്‍ 65 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ പടിക്കല്‍ 35 പന്തില്‍ 54 റണ്‍സെടുത്തു. സഞ്ജു 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.
രാജസ്ഥാന്‍ ഉയർത്തിയ റൺമലയ്ക്കു മുന്നിൽ ആത്മവിശ്വാസത്തോടെയാണ് ഡൽഹിക്ക് ഓപ്പണർമാർ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് 4.3 ഓവറില്‍ 43 റണ്‍സാണ് ചേർത്തത്. 28 റൺസുമായി വാർണർ പ്രസിദ്ധ് കൃഷ്‌ണയുടെ പന്തിൽ മടങ്ങി. പിന്നീടെത്തിയ സർഫ്രാസ് ഖാനും നിരാശപ്പെടുത്തി.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഋഷഭ് പന്തും പൃഥ്വി ഷായും ചേര്‍ന്ന് ഡല്‍ഹിയെ പത്താം ഓവറില്‍ 99ല്‍ എത്തിച്ചു. പൊരുതി നിന്ന പൃഥ്വി ഷാ 37 റൺസുമായി മടങ്ങി. പിന്നാലെ ദേവ്‌ദത്ത് പടിക്കലിന് പിടികെടുത്ത് ഋഷഭ് പന്തും മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷ മങ്ങി.