മുംബൈ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും പോരടിക്കും. വാങ്കഡേയില്‍ മൂന്നരയ്ക്കാണ് മത്സരം. അവസാന രണ്ട് മത്സരങ്ങളിലും തോറ്റാണ് സഞ്‌ജു സാംസണിന്‍റെ രാജസ്ഥാനെത്തുന്നത്. എന്നാല്‍ ടേബിള്‍ ടോപ്പേഴ്‌സായ ഗുജറാത്ത് ടൈറ്റന്‍സിനെ മറികടന്നാണ് മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബിന്‍റെ വരവ്.
സീസണില്‍ ഇരു സംഘവും തങ്ങളുടെ 11ാം മത്സരത്തിനാണിറങ്ങുന്നത്. കളിച്ച 10 മത്സരങ്ങളില്‍ അറ് ജയമുള്ള രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും, പത്തില്‍ അഞ്ച് ജയങ്ങളുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ഇതോടെ മുന്നോട്ടുള്ള കുതിപ്പിന് ഇരുവര്‍ക്കും വിജയം അനിവാര്യമാണ്. സീസണില്‍ ഇതാദ്യമായാണ് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്.
ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന് പുറമെ, ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, ടെന്‍റ് ബോള്‍ട്ട് തുടങ്ങിയ താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാവും. മറുവശത്ത് കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍റെ താരമായിരുന്ന ലിയാം ലിവിങ്‌സ്റ്റണിന്‍റെ മിന്നുന്ന ഫോം പഞ്ചാബിന് കരുത്താണ്. ജോണി ബെയര്‍സ്റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സെ, കാഗിസോ റബാഡ, അർഷ്‌ദീപ് സിങ് എന്നിവരിലാണ് പഞ്ചാബിന് പ്രതീക്ഷ.
also read: IPL 2022 | ഡാനിയേൽ സാംസിന്‍റെ ത്രില്ലര്‍ ലാസ്റ്റ് ഓവര്‍ ; മുംബൈക്കെതിരെ ഗുജറാത്തിന് അപ്രതീക്ഷിത തോല്‍വി
പരസ്‌പരം പോരടിച്ചപ്പോള്‍ പഞ്ചാബിനെതിരെ ആധിപത്യം പുലര്‍ത്താന്‍ രാജസ്ഥാനായിട്ടുണ്ട്. നേരത്തെ 23 മത്സരങ്ങളിലാണ് ഇരുസംഘവും മുഖാമുഖമെത്തിയത്. ഇതില്‍ 13 തവണ രാജസ്ഥാന്‍ ജയം പിടിച്ചപ്പോള്‍ 10 മത്സരങ്ങള്‍ പഞ്ചാബിനൊപ്പം നിന്നു.